തിരുവനന്തപുരം : ഡിജിപി ഡോ.ബി.സന്ധ്യ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യക്ക് പൊലീസ് സേന നല്‍കുന്ന യാത്രയയപ്പ് പരേഡ് ഇന്ന് രാവിലെ പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടന്നു. ആംഡ് പൊലീസ് ബറ്റാലിയന്‍, ട്രാഫിക്, എറണാകുളം, തൃശ്ശൂര്‍ റേഞ്ചുകള്‍, ക്രൈംബ്രാഞ്ച് എന്നിവയുടെ ഐജി, ആംഡ് പൊലീസ്, മോഡേണൈസേഷന്‍, ദക്ഷിണമേഖല, പരിശീലന വിഭാഗം എഡി.ജി.പി, കേരളാ പൊലീസ് അക്കാദമി ഡയറക്ടര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു. ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറലായാണ് വിരമിക്കുന്നത്.
1988 ബാച്ച് ഐപിഎസ് ഓഫിസര്‍ ആയ സന്ധ്യ പാല സ്വദേശിയാണ്. ആലപ്പുഴ സെന്റ് ആന്റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ശേഷം പാല അല്‍ഫോണ്‍സ കോളജില്‍ നിന്ന് റാങ്കോടെ എംഎസ്സി ബിരുദം നേടി. മത്സ്യഫെഡില്‍ പ്രോജക്ട് ഓഫിസറായി രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്നത്.
ഷൊര്‍ണ്ണൂര്‍ എഎസ്പിയായി ആദ്യ നിയമനം. ആലത്തൂരില്‍ എഎസ്പിയും ജോയിന്റ് എസ്പിയുമായി ജോലി ചെയ്തു. പൊലീസ് ആസ്ഥാനത്ത് അഡീഷനല്‍ എഐജി, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ജില്ലാ പൊലീസ് മേധാവി, പൊലീസ് ആസ്ഥാനത്തെ എഐജി, ക്രൈംബ്രാഞ്ച് ഡിഐജി, തൃശ്ശൂര്‍ റേഞ്ച് ഡിഐജി എന്നീ ചുമതലകള്‍ വഹിച്ചു.സ്തുത്യര്‍ഹസേവനത്തിനും വിശിഷ്ട സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതി ഉത്കൃഷ്ട സേവാപഥക്, ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ പൊലീസ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി നിയമപാലകര്‍ക്കുളള കൈപ്പുസ്തകം തയ്യാറാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ചു. ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വോളോങോങില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ പരിശീലനം നേടി. നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഭര്‍ത്താവ് ഡോ.കെ.മധുകുമാര്‍, മകള്‍ ഡോ.ഹൈമ.