ബ്രിജ് ഭൂഷണ്‍ കായിക താരങ്ങളെ പ്രലോഭിപിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയതിനെ കുറിച്ച് 2021-ല്‍ തന്നെ പ്രധാനമന്ത്രിയ്ക്ക് പരാതി ലഭിച്ചിരുന്നതായാണ് എഫ്‌ഐആറില്‍ പറയുന്നത്. ഒളിംപ്യന്‍മാരടക്കമുള്ള താരങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടാണ് ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്റെ ദുര്‍നടപ്പിനെതിരെ പരാതിപ്പെട്ടത്.
ബ്രിജ് ഭൂഷണെതിരായ പരാതികള്‍ കേട്ട ശേഷം പ്രധാനമന്ത്രി നടപടി ഉറപ്പ് നല്‍കിയതായും ഏപ്രില്‍ 28ന് തയ്യാറാക്കിയ എഫ്‌ഐആറില്‍ പറയുന്നു. കായികമന്ത്രാലയം വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ബ്രിജ് ഭൂഷണിന്റെ ഭാഗത്ത് നിന്നുള്ള പകപോക്കലിന്റെ കടുപ്പം കൂടിയതല്ലാതെ എഫ്‌ഐആറിലും തുടര്‍നടപടികളുണ്ടായില്ല.
അതേസമയം ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പരാതികളില്‍ ദേശീയ ഗുസ്തി താരങ്ങള്‍ക്കൊപ്പം കര്‍ഷക സംഘടനകള്‍ കൂടി അണിചേര്‍ന്നതോടെ സമരത്തിന്റെ വ്യാപ്തിയിലും രീതിയിലും മാറ്റമുണ്ടാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നു. കര്‍ഷക സമരത്തിന് സമാനമായി ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളോടൊപ്പം പ്രതിഷേധമുയര്‍ത്തുമെന്നാണ് കര്‍ഷക നേതാക്കള്‍ അറിയിച്ചത്. ബ്രിജ് ഭൂഷണെ ഒമ്പതാം തീയതിയ്ക്ക് മുന്‍പ് അറസ്റ്റ് ചെയ്യണമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കിയിട്ടുണ്ട്.