തിരുവനന്തപുരം: നിലവില്‍ ക്യാമറകള്‍ ഉള്ള സ്ഥലത്ത് ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നു രാവിലെ മുതല്‍ തന്നെ നിയമലംഘകര്‍ക്ക് ചെലാന്‍ അയയ്ക്കും. പിഴയ്ക്കെതിരേ ജില്ലാ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കണം. എവിടെയാണോ നിയമലംഘനം കണ്ടെത്തിയത് അവിടത്തെ എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒയ്ക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനുശേഷമാണ് പിഴയൊടുക്കേണ്ടത്.
രണ്ടുമാസത്തിനുള്ളില്‍ അപ്പീല്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമൊരുങ്ങും. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഐ.ടി.എം.എസ്. എന്ന ആപ്ലിക്കേഷന്‍ വഴിയാണു സ്വീകരിക്കുന്നത്. പിന്നീട് ഇതു സംസ്ഥാനങ്ങള്‍ക്കു കൈമാറും. ദിവസവും 25,000 നോട്ടിസ് വീതമാകും അയയ്ക്കുക. ഇത് പിന്നീട് സാഹചര്യം വിലയിരുത്തി പരിഷ്ക്കരിക്കാനാണ് തീരുമാനം. തപാല്‍ വഴിയാകും നിയമലംഘനം അറിയിക്കുക.
സംസ്ഥാനത്ത് ആകെ റജിസ്റ്റര്‍ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളില്‍ 70 ലക്ഷത്തിലധികം വാഹനങ്ങളുെടെ ഉടമകള്‍ക്കു നിയമലംഘനത്തിന്റെ ഇ ചെലാന്‍ എസ്.എം.എസ് ആയി ലഭിക്കില്ല. ഇത്രയും പേരുടെ മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ.ഡി തുടങ്ങിയ മോട്ടര്‍ വാഹനവകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതാണു കാരണം. ഇതിനാലാണ് തപാല്‍ മുഖേന അറിയിക്കുന്നത്. ക്യാമറകളുടെ ട്യൂണിങ് എതാണ്ടു പൂര്‍ത്തിയായി. ജില്ലാതല കണ്ട്രോള് റൂമുകളിലായി 110 പേരെ കെല്‍ട്രോണ്‍ നിയോഗിച്ചുകഴിഞ്ഞു. 36 പേരെക്കൂടി ഉടന്‍ നിയമിക്കും.