തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സര്‍വകലാശാല രജിസ്ട്രാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.
പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും വ്യാജരേഖ ചമച്ചു എന്നു പറയുന്നതിന് അടിസ്ഥാനമില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ഗുഢാലോചന നടന്നു എന്നു പറയുന്നത് പൊലീസ് മാത്രമാണെന്നും പ്രിന്‍സിപ്പല്‍ നിരപരാധിയാണെന്നും പ്രതിഭാഗം അഭിഭാഷകന് പറഞ്ഞു. എന്നാല്‍ പ്രിന്‍സിപ്പല്‍ നടത്തിയത് ഗൂഢാലോചനയാണെന്നും പൊലീസ് അതെല്ലാം അക്കമിട്ട് വിവരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മറുപടി നല്കി.
ഇന്നലെ ആള്‍മാറാട്ട കേസില്‍ രണ്ടാം പ്രതിയായ എസ്.എഫ്.ഐ നേതാവ് എ. വിശാഖിനെ ഈ മാസം 20വരെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനുള്ള ഹര്‍ജിയിലായിരുന്നു നടപടി.കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പ്രോസിക്യൂഷന് അന്ന് ഹാജരാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിര്‍ദ്ദേശിച്ചു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സില്‍ പട്ടികയില്‍ പ്രതി കടന്നുകൂടിയത് നിസാരമായി കാണാനാവില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായി.
ആരും ഒന്നും അറിയാതെയാണോ ഇതൊക്കെ സംഭവിച്ചത്? ഓരോരുത്തരുടെയും പങ്ക് തെളിയേണ്ടതിനാല് വിശദ അന്വേഷണം ആവശ്യമാണെന്നും കേസ് ഡയറി പരിശോധിക്കണം. ഹര്‍ജിക്കാരന്റെ പേര് എഴുതിച്ചേര്‍ക്കാന്‍ പ്രിന്‍സിപ്പലിന്റെ താത്പര്യം എന്താണെന്ന് ഹര്‍ജി നേരത്തേ പരിഗണിച്ചപ്പോഴും കോടതി ആരാഞ്ഞിരുന്നു. അന്വേഷണം നടത്താതെയാണ് പൊലീസ് പ്രതിചേര്‍ത്തതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വനിതാ സ്ഥാനാര്‍ത്ഥി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്നപ്പോള്‍ പൊതുധാരണയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ തന്റെ പേര് ഉള്‍പ്പെടുത്തുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.