കൊച്ചി: മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന് െഹെക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
കേസില്‍ ആരോപിക്കുന്ന കാര്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും സുധാകരന് ഹര്‍ജിയില്‍ വ്യക്തമാക്കി. മോന്സണ് മാവുങ്കല്‍ ഒന്നാം പ്രതിയായ കേസില്‍ മുന്‍ ഐ.ജി: ജി.ലക്ഷ്മണ്, മുന്‍ ഡി.ഐ.ജി: എസ്.സുരേന്ദ്രന് എന്നിവരാണു സുധാകരനൊപ്പം പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ഗള്‍ഫിലെ രാജകുടുംബത്തിനു വിശേഷപ്പെട്ട പുരാവസ്തുക്കള്‍ വിറ്റ ഇനത്തില്‍ മോന്‍സണു കിട്ടിയ 2.62 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ചതായി പരാതിക്കാരെ മോന്സണ് വിശ്വസിപ്പിച്ചെന്നാണു പരാതിയില്‍ പറയുന്നത്. ബാങ്കില്‍ കുടുങ്ങിക്കിടക്കുന്ന തുക പിന്‍വലിക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാനെന്നു പറഞ്ഞു മോന്സണ് പലപ്പോഴായി 10 കോടി രൂപ വാങ്ങി. വീണ്ടും 25 ലക്ഷം രൂപ ചോദിച്ചെങ്കിലും കൊടുത്തില്ല. തുടര്‍ന്ന് 2018 നവംബര്‍ 22നു കൊച്ചി കലൂരിലെ മോന്‍സന്റെ വീട്ടില്‍വച്ചു കെ. സുധാകരന് ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നു നേരിട്ട് ഉറപ്പു നല്കി. ഈ വിശ്വാസത്തിലാണു മോന്‍സണു പണം നല്‍കിയതെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. അഡ്വ. മാത്യു എ. കുഴല്നാടന് മുഖേനയാണു സുധാകരന് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.