ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റിക്കു സര്‍ക്കാര്‍ നല്കുന്ന പ്രവൃത്തികളിലൂടെ ഖജനാവ് കൊള്ളയടിക്കുകയാണെന്നും സിപിഎമ്മിന്റെ അഴിമതിപ്പണം ‘പാര്‍ക്ക്’ ചെയ്യുന്ന സ്ഥലമാണ് ഈ സൊസൈറ്റിയെന്നുമുള്ള ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഊരാളുങ്കലിനു കിട്ടുന്ന പണമെല്ലാം പോകുന്നത് ഒരു പെട്ടിയിലേക്കാണെന്നും, ഈ പെട്ടി ഇരിക്കുന്നതു മുഖ്യമന്ത്രിയുടെ വീട്ടിലാണെന്നും സതീശന് ആരോപിച്ചു. എല്ലാ നിയന്ത്രണങ്ങളും വിട്ടാണ് ഊരാളുങ്കലിനു സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികള്‍ നല്‍കുന്നത്.
ടെന്‍ഡര്‍ സമയത്തു നല്‍കേണ്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റും വര്‍ക്ക് ഓണ്‍ ഹാന്‍ഡ് സര്‍ട്ടിഫിക്കറ്റും ഊരാളുങ്കലിന് ആവശ്യമില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഇതിനു തെളിവാണ്. എല്ലാ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങള്‍ക്കും ബാധകമായ നിയമങ്ങളില്‍ നിന്നാണ് ഊരാളുങ്കലിനു മാത്രം ഇളവു നല്‍കുന്നത്. ഒരുപാടു പേര്‍ക്കു ജോലി കൊടുക്കുന്നു എന്ന ന്യായീകരണം പറഞ്ഞ് എല്ലാ സര്‍ക്കാര്‍ പ്രവൃത്തികളും ടെന്‍ഡറില്ലാതെ അവര്‍ക്കു കൊടുക്കണമെന്നുണ്ടോയെന്നു സതീശന് ചോദിച്ചു.
സര്‍ക്കാര്‍ എസ്റ്റിമേറ്റ് തയാറാക്കി പ്രവൃത്തി ഏല്പിക്കുകയല്ല, ഊരാളുങ്കല്‍ പറയുന്ന തുകയ്ക്ക് അവര്‍ തന്നെ സര്‍ക്കാരിനു വേണ്ടി എസ്റ്റിമേറ്റ് തയാറാക്കുകയാണു ചെയ്യുന്നത്. ഇതില്‍ വലിയ കൊള്ളയാണു നടക്കുന്നത്. 100 കോടിക്കു തീരേണ്ട പ്രവൃത്തിക്ക് 200 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു നിയമസഭയിലെ ശങ്കരനാരായണന് തമ്പി ഹാള്‍ നവീകരിക്കാന്‍ 16 കോടി രൂപയ്ക്ക് ഇവരെ ഏല്പിച്ചു. കുറച്ചു പണം അവര്‍ തിരിച്ചുതന്നുവെന്ന്, നവീകരണം വിവാദമായപ്പോള്‍ അന്നത്തെ സ്പീക്കര്‍ പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് അപ്പോള്‍ എസ്റ്റിമേറ്റ് തയാറാക്കുന്നത്? സതീശന് ചോദിച്ചു.