കെപിസിസി പ്രസിഡന്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിച്ച പോക്സോ കേസ് ആരോപണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും തിരിഞ്ഞുകൊത്തുന്നു. അതിശക്തമായ പ്രത്യാക്രമണം കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടായപ്പോള്‍ ഭരണപക്ഷത്ത് പൂര്ണനിശബ്ദതയായി
മുഖ്യമന്ത്രി ഇന്നു തിരിച്ചെത്തിയ ശേഷം കൂടിയാലോചനകള്‍ നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം മറുപടി പറയുമെന്നുമാണ് നേതാക്കള്‍ വിശദീകരിക്കുന്നത്. അതേ മുഖ്യമന്ത്രി വിദേശത്ത് ആയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്തോ എന്ന പരിഹാസമാണ് പ്രതിപക്ഷത്ത്.
പൊലീസിനെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നതു പാര്‍ട്ടിയാണോ എന്ന ചോദ്യത്തിനോ സന്ദേഹത്തിനോ വഴിവയ്ക്കാവുന്ന രണ്ട് പ്രസ്താവനകളാണ് തുടര്‍ച്ചയായി എം.വി.ഗോവിന്ദനില്‍ നിന്ന് ഉണ്ടായത്. എസ്എഫ്ഐക്കെതിരെ വിവാദം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചാരണം നടത്തിയാല്‍ കേസെടുക്കുമെന്ന ഭീഷണി വന്നു.
മോന്സന് മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കെ.സുധാകരനും കൂട്ടുപ്രതിയാണെന്ന സൂചനയ്ക്കു കൂടി മുതിര്‍ന്നതോടെ തീക്ഷ്ണമായ പ്രത്യാക്രമണമാണ് പ്രതിപക്ഷം ആരംഭിച്ചത്. പാര്‍ട്ടിപ്പത്രത്തിലെ വാര്‍ത്ത ഉദ്ധരിച്ചുകൊണ്ട് ഈ ഗുരുതര ആരോപണം ഉന്നയിച്ചതിനു ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കെ.സുധാകരന്റെ മുന്നറിയിപ്പ്.
സിപിഎമ്മിലെയും സര്‍ക്കാരിലെയും ഉന്നതര്‍ പങ്കാളികളായ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന വികാരത്തിലാണ് സുധാകരന്. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ആ വഴിക്കു സംസാരിക്കുന്നത് അദ്ദേഹത്തിന്റെ സംശയത്തിനു സാധൂകരണവും നല്കുന്നു.
മോന്‍സന്റെ വീട്ടില്‍ നടന്നതായി ആരോപിക്കപ്പെടുന്ന തുകകൈമാറ്റത്തിലെ പരാതിക്കാരെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് മൂന്നുതവണ വിളിച്ചു വരുത്തിയെന്ന വിവരമാണു പ്രതിപക്ഷത്തെ ഉന്നതനേതൃത്വത്തിനുള്ളത്. ആ കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാണ് കേസിനു വീണ്ടും ജീവന് വച്ചതെന്നും അവര്‍ കരുതുന്നു.
മോന്സന് മാവുങ്കല്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത് ആ വിവരം ശരിവയ്ക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പോക്സോ കേസില്‍ പീഡനം നടക്കുമ്പോള്‍ സുധാകരന് അടുത്ത് ഉണ്ടായിരുന്നതായി മൊഴി നല്കാന് ഡിവൈഎസ്പി തന്നെ നിര്‍ബന്ധിച്ചെന്നാണ് അയാള്‍ ഇന്നലെ കോടതിയില്‍ പറഞ്ഞത്.
164 പ്രകാരമുളള രഹസ്യമൊഴി ഇര മജിസ്ട്രേട്ടിനു നല്‍കിയത് മാസങ്ങള്‍ക്കു മുന്‍പ് ആണെന്നിരിക്കെ ഇപ്പോഴത്തെ ആരോപണം സ്വാഭാവിക പരിണതി അല്ലല്ലോ എന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.