വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ.വിദ്യയ്ക്കു നേരെ കോടതി പരിസരത്ത് യൂത്ത് കോണ്‍ഗ്രസ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മഹാരാജാസ് കോളജിന്റെ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അഗളി പൊലീസ് അറസ്റ്റ് ചെയ്ത വിദ്യയെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കോടതിയില്‍ എത്തിച്ചത്.
കോടതിയുടെ തൊട്ടടുത്ത സിവില്‍ സ്റ്റേഷനു മുന്പില് വിദ്യയെ കയറ്റിയ പൊലീസ് വാഹനം എത്തിയതോടെ വാഹനത്തിനു നേരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തൊട്ടുപിന്നാലെ യുവമോര്‍ച്ച പ്രവര്‍ത്തകരും എത്തി. ഇരുകൂട്ടരെയും പൊലീസ് തടഞ്ഞു. വിദ്യയെ കയറ്റിയ വാഹനം കോടതിയിലേക്ക് തിരിഞ്ഞതോടെ ഇതിനു പിന്നാലെ പ്രതിഷേധക്കാരും എത്തിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, വൈസ് പ്രസിഡന്റ് ആഷിക് വറോടന്‍, ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം, രാജന് ആമ്പാടത്ത്, സി.പി.മുഹമ്മദാലി, ആസിഫ് കാപ്പില്‍ എന്നിവര്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേതൃത്വം നല്കി. യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്, സെക്രട്ടറി വിഷ്ണു, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് വി.വിഷ്ണു, ജനറല്‍ സെക്രട്ടറി രതീഷ് കല്ലിങ്ങല്‍, ബിജെപി മണ്ഡലം സെക്രട്ടറി രതീഷ് ബാബു,സി.അനൂപ്, അനീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.