ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് നിഖിലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു.
നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നിഖില്‍ വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ പിടികൂടാന്‍ പൊലീസിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.
കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്
വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ മുന്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഉടന്‍ ചോദ്യം ചെയ്യല്‍ തുടങ്ങും. വൈദ്യപരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.
വ്യാജ സര്ട്ടിഫിക്കറ്റാണോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് നിഖില്‍ പ്രതികരിച്ചില്ല. ഇന്നലെ അര്‍ദ്ധരാത്രി കോട്ടയം കെ എസ് ആര് ടി സി സ്റ്റാന്‍ഡില്‍വച്ച് കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ പിടികൂടിയത്.
കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്കാണ് ഇയാള്‍ ടിക്കറ്റെടുത്തത്.നിഖില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്.നിഖിലിന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയെന്ന് കരുതുന്ന മുന്‍ എസ് എഫ് ഐ നേതാവിനെ മാല ദ്വീപില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.
നിഖിലിന്റെ സുഹൃത്തായ ഇയാള്‍ നേരത്തെ കായംകുളത്ത് എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയിരുന്നു.കലിംഗ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സമയത്ത് നിഖിലിന്റെ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ കൈമാറിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
നിഖിലിനെ കൂടാതെ മറ്റു ചിലര്‍ക്കും ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി സംശയമുണ്ട്.