ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ ക്ലിഫ് ഹൗസില്‍ നടന്ന യോഗത്തിലാണ് ലൈഫ് മിഷന്‍ കരാര്‍ അട്ടിമറിച്ചതെന്ന് സ്വപ്ന സുരേഷിന്റെ മാെഴി. കോണ്‍സല്‍ ജനറലിനടക്കം കമ്മീഷന്‍ കിട്ടുന്നതിനായി മുഖ്യമന്ത്രിയുടെ അറിവോടെയാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ വിശദമായ മൊഴിയുള്ളത്.

പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് നടന്നത്. കോണ്‍സല്‍ ജനറലും എം ശിവശങ്കറും താനും മുഖ്യമന്ത്രിയ്ക്കൊപ്പം പങ്കെടുത്തിരുന്നു. 2019ലാണ് ധാരണാപത്രം ഒപ്പുവച്ചതെന്നും വടക്കാഞ്ചേരി ഫ്‌ലാറ്റ് സമുച്ചയത്തിനൊപ്പം അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രി കൂടി പണിയാനായിരുന്നു തീരുമാനമെന്നും മൊഴിയില്‍ പറയുന്നു.

പദ്ധതി നിര്‍വഹണ ചുമതല പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നാണ് ധാരണാപത്രം. കരാറുകാരെ കണ്ടെത്തുന്നത് മുതല്‍ നിര്‍മാണപൂര്‍ത്തീകരണം വരെയുള്ള എല്ലാം സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കും. റെഡ് ക്രസന്റ് നല്‍കുന്ന പണം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുക എന്നത് മാത്രമായിരുന്നു യു എ ഇ കോണ്‍സുലേറ്റിന്റെ ചുമതല. എന്നാല്‍ ധാരണാപത്രം ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി സ്വകാര്യയോഗം ചേര്‍ന്നെന്നും സ്വപ്ന വ്യക്തമാക്കി.

ധാരണപാത്രം പാടേ അട്ടിമറിച്ച് ടെന്‍ഡര്‍ പോലും വിളിക്കാതെ കരാറുകാരെ തിരഞ്ഞെടുക്കാന്‍ കോണ്‍സല്‍ ജനറലിനെ ചുമതലപ്പെടുത്തി. കോണ്‍സല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് പദ്ധതിയില്‍ നിന്നുള്ള കമ്മീഷന്‍ അടിച്ചുമാറ്റാനായിരുന്നു ഇതെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്ന നല്‍കിയ മൊഴിയില്‍ ഉണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *