മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അട്ടിമറി; എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ ഉപമുഖ്യമന്ത്രി സര്‍ക്കാരിന്റെ ഭാഗമായി

മുംബൈ: മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എന്‍സിപിയുടെ ഒമ്പത് എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എന്‍സിപിയെ പിളര്‍ത്തി ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായിരിക്കുകയാണ് അജിത് പവാര്‍. തന്നെ പിന്തുണയ്ക്കുന്ന 13 എംഎല്‍എമാര്‍ക്ക് ഒപ്പമാണ് അജിത് പവാര്‍ രാജഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനില്‍ സത്യപ്രതിജ്ഞ നടന്നത്.
29 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎല്‍എമാരുടെ എണ്ണത്തില്‍ വ്യക്തതയായിട്ടില്ല. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ, പ്രതിപക്ഷ ഐക്യരൂപീകരണത്തിനിടെ എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കളെ ഒന്നടങ്കം അടര്‍ത്തി എടുക്കാനായെന്നത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാണ്.
എന്‍സിപിയിലെ അധികാരത്തര്‍ക്കമാണ് പിളര്‍പ്പിലേക്ക് നയിച്ചത്. പ്രഫുല്‍ പട്ടേലിനെയും സുപ്രിയ സുലെയെയും എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കി കഴിഞ്ഞ ദിവസം ശരദ് പവാര്‍ പ്രഖ്യാപിച്ചിരുന്നു.
ദില്ലിയില്‍ ശരദ് പവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ശരത് പവാറിന്റെ മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെക്ക് മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്. മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഗോവ, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെ ചുമതലയയാണ് പ്രഫുല്‍ പട്ടേലിന്. അജിത് പവാര്‍ എന്‍സിപിയുടെ അധികാരം ലക്ഷ്യമിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു പവാറിന്റെ അപ്രതീക്ഷിത നീക്കം.
പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ശരദ് പവാര്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഈ സമയത്തെല്ലാം മരുമകന്‍ അജിത് പവാര്‍ നേതൃ നിരയിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ മകള്‍ സുപ്രിയയെ പാര്‍ട്ടി നേതൃനിരയിലേക്ക് കൊണ്ടുവന്നതാണ് അജിത്തിനെ ചൊടിപ്പിച്ചതും പാര്‍ട്ടി പിളര്‍പ്പിലേക്ക് ഇപ്പോഴെത്തിയതും.