വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി സുമംഗലിയായി

വര്‍ക്കല: അച്ഛന്റെ മനസ് തന്നോടൊപ്പം ഉണ്ടെന്ന ആത്മബലത്തില്‍ ശ്രീലക്ഷ്മി സുമംഗലിയായി. തിരുവനന്തപുരം വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് രാവിലെ ശിവഗിരിയിലെ ശാരദാ മഠത്തില്‍ വച്ച് നടന്നു. ചെറുമയ്യൂര്‍ സ്വദേശി വിനുവാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. കല്യാണത്തിന് മുന്‍പ് അച്ഛന്റെ ചിത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് മകള്‍ വിവാഹ മണ്ഡപത്തിലേയ്ക്ക് എത്തിയത്. ചെറിയ രീതിയിലാണ് വിവാഹ ചടങ്ങ് നടന്നത്.

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കഴിഞ്ഞ മാസം 28നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തുടര്‍ന്ന് അന്ന് മാറ്റിവച്ച വിവാഹമാണ് ഇപ്പോള്‍ നടന്നത്. രാജുവിന്റെ മരണ ശേഷം ശ്രീലക്ഷ്മിയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നല്‍കി വിനുവും കുടുംബവും ഒപ്പം ഉണ്ടായിരുന്നു. വടശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ ജി രാജുവാണ് കൊല്ലപ്പെട്ടത്. വിവാഹാലോചന നിരസിച്ചതിനാണ് വിവാഹത്തലേന്ന് അര്‍ദ്ധരാത്രി മകളുടെ മുന്നിലിട്ട് പിതാവിനെ അടിച്ചുകൊന്നത്. സംഭവത്തില്‍ അയല്‍വാസികളായ വടശേരിക്കോണം ജെ.ജെ. പാലസില്‍ ജിഷ്ണു(26), സഹോദരന്‍ ജിജിന്‍(25),? സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനില്‍ മനു(26), കെ.എസ്.നന്ദനത്തില്‍ ശ്യാംകുമാര്‍(26) എന്നിവര്‍ അറസ്റ്റിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *