ഡി.എ കുടിശ്ശികക്കെതിരെ സെക്രട്ടേറിയേറ്റിലെ സി.പി.എം സംഘടനയുടെ പ്രതിഷേധം, പിണറായിക്ക് അതൃപ്തി

പിണറായിക്കെതിരെ സെക്രട്ടേറിയേറ്റിലെ സി.പി.എം സംഘടന. 2021 ജനുവരി മുതലുള്ള ഡി.എയും ശമ്പള പരിഷ്കരണ കൂടിശികയും അനുവദിക്കാത്തതാണ് ഇടത് സംഘടനയെ പ്രകോപിച്ചിരിക്കുന്നത്.
15 ശതമാനമാണ് ഡി.എ കുടിശിക . ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് ഇത്രയേറെ ക്ഷാമബത്ത കുടിശിക ഉണ്ടായിട്ടുള്ള ചരിത്രമില്ല എന്ന് കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന് ഇറക്കിയ നോട്ടിസില്‍ ചൂണ്ടികാണിക്കുന്നു.
പ്രതിപക്ഷ സര്‍വീസ് സംഘടന ഡി.എ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഉയര്‍ന്ന ശമ്പളമുള്ള ഐ എ എസുകാര്‍ക്കും ജുഡിഷ്യല്‍ ഓഫീസര്‍ മാര്‍ക്കും ഡി.എ കൃത്യമായി അനുവദിച്ചിരുന്നു.
പിണറായിക്ക് മംഗള പത്രം രചിക്കുകയായിരുന്നു ഇതുവരെ ഭരണ വിലാസം സംഘടന. 15 ശതമാനം ഡി.എ കുടിശികയായതോടെ സംഘടന അംഗങ്ങളില്‍ നിന് നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അതോടെയാണ് പിണറായിക്കെതിരെ ആഞ്ഞടിക്കാന്‍ ഭരണവിലാസം സംഘടന നിര്‍ബന്ധിതമായത്. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.എന്‍. അശോക് കുമാര്‍ ഇറക്കിയ നോട്ടിസില്‍ നിന്ന് ‘പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ദ്ധനവ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു.പച്ചക്കറി, പലവ്യഞ്ജനം ആദിയായ സാധനങ്ങള്‍ക്ക് വില അത്യധികം വര്‍ദ്ധിച്ചിരിക്കുന്നു.

വിവിധങ്ങളായ വായ്പയുടെ പലിശ നിരക്കും വര്‍ദ്ധിച്ചതിനാല്‍ വായ്പ തിരിച്ചടവ് കൂടുതല്‍ ബാധ്യതയാവുകയാണ്. ക്ലിപ്ത വരുമാനക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വില വര്‍ദ്ധനവിനനുസരിച്ച് തങ്ങളുടെ വരവും ചെലവും തുലനം ചെയ്ത് പോകാനാവാത്ത സാഹചര്യം വന്ന് ചേര്‍ന്നിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകളും മറ്റും മറികടക്കുന്നതിനുള്ള ആനുകൂല്യമായാണല്ലോ ക്ഷാമബത്ത അനുവദിക്കുന്നത്.എന്നാല്‍ 2021 ജനുവരി മുതലുള്ള രണ്ടര വര്‍ഷക്കാലത്തെ ക്ഷാമബത്ത അനുവദിക്കാത്തത് ജീവനക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. ഈ സാഹചര്യം പരിഗണിച്ച് 2021 ജനുവരി മുതല്‍ കുടിശികയായ 5 ഗഡു ക്ഷാമബത്ത എത്രയും വേഗം അനുവദിക്കണം.