അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തില്‍ താമസിക്കാന്‍ സുപ്രീംകോടതി അനുമതി

കേരളത്തിലേക്ക് പോകാനും ചികിത്സ തേടാനും പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീം കോടതി അനുമതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൊല്ലം ജില്ലയില്‍ തങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചതെങ്കിലും, ചികിത്സയ്ക്കായി ജില്ല വിട്ട് പോകാന്‍ കോടതി അനുവദിച്ചു. കൊല്ലം ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി മാത്രമേ ജില്ല വിട്ടു പോകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇത്തവണ കേരളത്തിലേക്കു പോകാന്‍ അനുമതി നല്കിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കര്‍ണാടക പൊലീസ് സുരക്ഷ നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂര്‍ത്തിയായെന്നും ഈ സാഹചര്യത്തില്‍ കോടതി നടപടികളില്‍ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല മഅദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടില്‍ പോയി താമസിക്കാന്‍ മഅദനിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാല്‍ അവിടെ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
കേരളത്തിലേക്ക് പോകാന്‍ നേരത്തെ സുപ്രീം കോടതി ഇളവ് നല്‍കിയിരുന്നെങ്കിലും, പിതാവിനെ കാണാനാകാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാന്‍ വീണ്ടും അനുമതി നല്‍കണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേല്‍നോട്ടം കേരള പൊലീസിനെ ഏല്പിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅദനി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന്റെ ചെലവ് താങ്ങാനാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. നേരത്തെ, മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീം കോടതി മഅദനിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കര്‍ണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാല്‍ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടര്‍ന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലെത്തിയത്. അന്ന് കേരളത്തിലെത്തിയതിനു പിന്നാലെ അസുഖബാധിതനായിതിനെ തുടര്‍ന്ന് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഅദനിക്കു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീര്‍ഘദൂര യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. മഅദനിയുടെ പിതാവിനെ കൊച്ചിയില്‍ എത്തിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞില്ല. ബെംഗളൂരുവിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് വീണ്ടും കേരളത്തിലേക്കു പോകാന്‍ അനുമതി തേടി മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.