പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങളോട് നേതാക്കള്‍ പുലര്‍ത്തുന്ന ബന്ധത്തിന് അവര്‍ നല്കുന്ന പ്രതിഫലമാണ് ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചതുപോലുള്ള സ്നേഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജനങ്ങളെ ആരെങ്കിലും നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുന്നതല്ല. അവര്‍ കടലുപോലെ ഒഴുകിവരുന്നതാണെന്ന് കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പകരം വയ്ക്കാനില്ലാത്ത ഒരു വ്യക്തിത്വമാണ് ഉമ്മന്‍ ചാണ്ടി സാറിന്റേത്. കുറേനേരെ ഉമ്മന്‍ ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും ആദരാഞ്ജലി അര്‍പ്പിക്കാനാണ് ഞാന്‍ ഇവിടെ വന്നത്. ഉമ്മന്‍ ചാണ്ടി സാര്‍ ആരായിരുന്നു എന്നത് കഴിഞ്ഞ 34 ദിവസമായി കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രവര്ത്തകന് എങ്ങനെയായിരിക്കണം എന്ന കാര്യത്തിലുള്ള വളരെ വ്യക്തമായ സന്ദേശമാണ് ഉമ്മന്‍ ചാണ്ടി സാര്‍ കേരളത്തിനു കൊടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സാര്‍ ബാക്കിയാക്കി പോയത് പൂര്‍ത്തീകരിക്കുക എന്നത് വരുന്ന തലമുറയ്ക്കുള്ള വലിയൊരു ഉത്തരവാദിത്തമാണ്.’
ഞങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അച്ഛനുമൊത്ത് നിയമസഭയില്‍ കുറേക്കാലം ഒരുമിച്ചുണ്ടായിരുന്നു. അതൊക്കെ വലിയ ഓര്‍മകളാണ്. ആ ഓര്‍മകളൊക്കെ ഇവിടെ പറയാന്‍ എനിക്കാവില്ല. കാരണം ടിവിയില്‍ കണ്ടും പത്രത്തില്‍ വായിച്ചുമുള്ള അറിവേ ഇതേക്കുറിച്ച് എനിക്കുമുള്ളൂ.
അല്ലാതെ അച്ഛന് വീട്ടില്‍വന്ന് ഇതൊന്നും സംസാരിക്കാറില്ല.ഞാന്‍ പലതവണ ഉമ്മന്‍ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. ഒരുപാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സംസാരിക്കാനുള്ള സമയം കണ്ടെത്തിയിട്ടുണ്ട്. എന്നോടു മാത്രമല്ല, അദ്ദേഹത്തെ കാണാന്‍ വരുന്ന അവസാനത്തെ ആളെ വരെ കണ്ട് അവരുടെ കണ്ണീരൊപ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങള്‍ ഏറ്റവുമധികം ഉണ്ടായിരുന്ന വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി സാര്‍.
19 വര്‍ഷം പിന്നിലോട്ടു പോയാല്‍ അച്ഛനും ഇതുപോലെ ഒരു വിലാപയാത്ര ഉണ്ടായിരുന്നു. ജനത്തോടുള്ള ബന്ധത്തിന് അവര്‍ നല്കുന്ന പ്രതിഫലമാണ് ഈ സ്നേഹം. ഇതൊന്നും ആരെങ്കിലും നിര്‍ബന്ധിച്ച് പറഞ്ഞയയ്ക്കുന്നതല്ല. ജനം ഒരു കടലുപോലെ ഒഴുകി വരുന്നതാണ്. അത് ഉള്ളിന്റെ ഉള്ളില്‍നിന്ന് വരുന്നതാണ്. അത് എത്ര പേര്‍ക്ക് കിട്ടുന്നു, എത്ര പേര്‍ക്ക് ജനം കൊടുക്കുന്നു എന്നത് അവരുടെ മനസ്സിലുള്ള കാര്യമാണ്. ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ ചാണ്ടി സാറാകാന്‍ ശ്രമിക്കുക. അതാണ് എനിക്കു പറയാനുള്ളത്. കൃഷ്ണകുമാര്‍ പറഞ്ഞു.