തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററില്‍ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ ഇടതുമുന്നണി യോഗം വിലയിരുത്തും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.
മുന്നണി ധാരണ അനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നു കേരള കോണ്‍ഗ്രസ്(ബി) ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നവകേരള സദസ്സിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും തയാറാക്കിക്കഴിഞ്ഞതിനാല്‍ ഡിസംബര്‍ 24-ന് സദസ്സു പൂര്‍ത്തിയായി കഴിഞ്ഞ ശേഷമാകും പുനഃസംഘടന നടക്കുക.
രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ രണ്ടര വര്‍ഷമാകുമ്പോള്‍ മാറണമെന്ന മുന്‍ധാരണയുള്ളതിനാല്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ്സിനു മുന്‍പ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്നാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യം. വെള്ളം, വൈദ്യുതി ചാര്‍ജുകളും റജിസ്ട്രേഷന് ഫീസും ഭൂമി, വാഹന നികുതിയുമെല്ലാം വര്‍ധിപ്പിച്ചതിനു പിന്നാലെ അവശ്യ സാധന വിലയും ഉയര്‍ത്തിയാല്‍ നവകേരള സദസ്സിനു തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്.