തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസിന്റെ കേരളത്തിലെ കണക്കുകൂട്ടലും തെറ്റി

തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങള്‍. കര്‍ണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തില്‍ 2019 ആവര്‍ത്തിക്കാമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാന്‍ ഇപ്പോഴും കോണ്‍ഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും.

ബിജെപിയില്‍ നിന്നും കര്‍ണ്ണാടക പിടിച്ചപ്പോള്‍, പാര്‍ട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അയല്‍ സംസ്ഥാനത്തെ ജയം കേരളത്തിലും കോണ്‍ഗ്രസ്സിനും യുഡിഎഫിനും നല്‍കിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവര്‍ത്തിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് കരുതല്‍. പക്ഷെ ഹിന്ദി ഹൃദയഭൂമിയില്‍ ഇത്ര വലിയ തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. സെമിയില്‍ കൂടി നേട്ടമുണ്ടാക്കി വയനാട്ടിലെ രാഹുലിന്റെ രണ്ടാം വരവോടെ കേരളത്തില്‍ മിന്നും വിജയം ആവര്‍ത്തിക്കാമെന്നായിരുന്നു കണക്കകൂട്ടിയത്.

തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം രാഹുല്‍ ഗാന്ധിയുടെ പ്രഭാവത്തിനും മങ്ങലേല്‍പ്പിക്കും. ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന ശക്തമായ പ്രചാരണത്തിലേക്ക് സിപിഎം കടക്കും. ഫലത്തില്‍ ന്യൂനപക്ഷ വോട്ടുകളെ അത് ആശയക്കുഴപ്പത്തിലാക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി, നിയമസഭയിലേക്ക് ആത്മവിശ്വാസം കൂട്ടാമെന്ന കോണ്‍ഗ്രസ് തോന്നലിന് തിരിച്ചടിയാണ് ഈ തോല്‍വികള്‍. അതേസമയം കര്‍ണാടകയ്ക്ക് പിന്നാലെ തെലങ്കാന വിജയത്തിന് പിന്നിലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ തലയാണെന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയാണ്. കനഗോലു ഏറ്റെടുത്തിരിക്കുന്ന അടുത്ത ലക്ഷ്യം കേരളത്തിലെ പാര്‍ട്ടിയുടെ തിരിച്ചുവരവാണ്.

 

Leave a Reply

Your email address will not be published. Required fields are marked *