എക്സിറ്റ് പോൾ ഷോക്ക്: ബംഗാളിലും അസമിലും ബിജെപിക്ക് അട്ടിമറി വിജയം പ്രവചനം; ഞെട്ടലിൽ ടിഎംസിയും കോൺഗ്രസും

ഡൽഹി : പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ വികാരം. അതേസമയം, ബിജെപി തിക‍ഞ്ഞ ആത്മവിശ്വാസത്തിലാണ്.

ഭൂരിഭാ​ഗം എക്സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് അട്ടിമറി വിജയം ബം​ഗാളിൽ പ്രവചിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. അനൂകൂല സർവേ പോലും തൃണമൂൽ കോൺ​ഗ്രസിന്റെ സീറ്റുകൾ കാര്യമായി കുറയുമെന്ന് പറയുന്നുണ്ട്. എന്നാൽ എല്ലാ പ്രവചനങ്ങളും പാടേ തള്ളുകയാണ് തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ. 235 സീറ്റുകൾ വരെ നേടി നാലാമതും മമത അധികാരത്തിലെത്തുമെന്നും, ബിജെപി 50 കടക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബം​ഗാളിലെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പാളിയതും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വമ്പൻ മുന്നേറ്റമാണ് എല്ലാ ഏജൻസികളും പ്രവച്ചതെങ്കിൽ ഫലം വന്നപ്പോൾ 42 ൽ 29 സീറ്റും ടിഎംസിയാണ് നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികം പ്രവചനങ്ങളും ടിഎംസിക്ക് അനുകൂലമായിരുന്നുവെങ്കിലും ആരും 200 സീറ്റ് പറഞ്ഞിരുന്നില്ല. ഫലം വന്നപ്പോൾ ടിഎംസി 215 സീറ്റ് നേടി.

ഇന്ന് രണ്ട് ഏജൻസികൾ കൂടി ബം​ഗാളിലെ തെരഞ്ഞെടുപ്പ് പ്രവചനം നടത്തുന്നുണ്ട്. ഇതും നേതാക്കൾ കാത്തിരിക്കുകയാണ്. ഇന്നലെ രണ്ടാംഘട്ടത്തിലും 92.67 ശതമാനമായി റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ ബം​ഗാളിൽ 92.49% മാണ് ആകെ പോളിം​ഗ്. ഇത് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണ്. അതിനിടെ ഡയമണ്ട് ഹാർബറിൽ വോട്ടിം​ഗ് മെഷീനിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടേപ്പ് ഒട്ടിച്ച് മറച്ച സംഭവം അടക്കം 77 ഇടങ്ങളിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും, ഇവിടങ്ങളിൽ റീപോളിം​ഗ് നടത്തേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.