101 ആശുപത്രികളില്‍ മാതൃയാനം പദ്ധതി പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലെത്താം

തിരുവനന്തപുരം: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ ചെലവില്‍ സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പാക്കി. വീട് എത്ര ദൂരെയാണെങ്കിലും എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. ജനനി ശിശുസുരക്ഷാ കാര്യക്രമിന്റെ ഭാഗമായി എന്‍.എച്ച്.എം നടപ്പാക്കുന്ന പദ്ധതിയുടെ 60ശതമാനം കേന്ദ്രസര്‍ക്കാരും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്.
2019 ഫെബ്രുവരി 23നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.മാതൃയാനം നടപ്പാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആവുമ്പോള്‍ യാത്രച്ചെലവായി 500രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് ദീര്‍ഘദൂര യാത്രയ്ക്ക് മതിയാകാത്തതിനാലാണ് പണം നല്‍കുന്നത് അവസാനിപ്പിച്ചത്. ഓരോ ആശുപത്രിക്കും സമീപത്തെ ടാക്സിക്കാരുമായി കരാര്‍ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്.ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവര്‍ക്കും കൂടെ ആരുമില്ലാത്തവര്‍ക്കും ഏറെ സഹായകമാവുന്നതാണ് പദ്ധതി.മിക്ക സ്ഥലങ്ങളിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ് സംവിധാനം ഉള്‍പ്പെടുത്തിയുള്ള മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാരുടെ വിവരങ്ങളെല്ലാം ആശുപത്രിയിലുണ്ടാകും. അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിച്ച് തിരിച്ച് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഡ്രൈവര്‍ക്ക് പണം നല്‍കുന്നത്.