കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയില്ല

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷനില്‍ കാര്യമായ പുരോഗതിയില്ല. സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാന്‍ ആയില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. ദൈനംദിന പ്രവര്‍ത്തന ചെലവിന് പുറമെ കിഫ്ബിയില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടവ് കൂടി വരാനിരിക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെ ഫോണിന് മുന്നിലുണ്ട്.

ജൂണ്‍ അഞ്ചിനായിരുന്നു കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളില്‍ കണക്ഷന്‍ എത്തിയെങ്കില്‍ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷന്‍ ഉപയോഗിക്കുന്നത് 3,715 വീടുകളില്‍ മാത്രമാണ്. 17,412 ഓഫീസുകളുടെ കണക്ക് ഏഴ്മാസത്തിന് മുന്‍പ് പറഞ്ഞ മുഖ്യമന്ത്രി ഇക്കഴിഞ്ഞ ദിവസം പറഞ്ഞ കണക്കനുസരിച്ച് അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷന്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക് ഏഴ് മാസമായിട്ടും പാലിക്കാന്‍ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല. മാത്രമല്ല 14000 വീടുകളുടെ കൃത്യമായ വിവരങ്ങള്‍ ഇത് വരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല.

 

 

Leave a Reply

Your email address will not be published. Required fields are marked *