നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സാധാരണ കോണ്‍ട്രാക്ട് കാര്യേജാക്കി അവതരിപ്പിക്കും

തിരുവന്തപുരം : നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ് സാധാരണ കോണ്‍ട്രാക്ട് കാര്യേജാക്കി അവതരിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയുടെ വിനോദസഞ്ചാര പദ്ധതികള്‍ക്ക് ഉപയോഗിക്കാനാണ് മാറ്റങ്ങള്‍.മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരുന്ന സീറ്റും ബസില്‍ നിന്ന് ഇറങ്ങാനുള്ള ലിഫ്റ്റും പൊളിച്ചുമാറ്റും. വി.ഐ.പി സുരക്ഷാ സജ്ജീകരണങ്ങള്‍ നീക്കും. നവകേരള സദസിന്റെ എറണാകുളം പര്യടനം അവസാനിച്ച ശേഷമാണ് ബസ് ബംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബില്‍ഡേഴ്‌സിന് കൈമാറിയത്. 1.15 കോടി രൂപ ചെലവിട്ട് അവിടെയാണ് ബസ് നിര്‍മിച്ചത്.

മാറ്റങ്ങള്‍ ഇങ്ങനെ കല്ലേറില്‍ തകരാത്ത വശങ്ങളിലെ ഗ്ലാസ് നീക്കി കൂടുതല്‍ കാഴ്ചകിട്ടുന്ന ഗ്ലാസുകള്‍ പിടിപ്പിക്കും. ചെറിയ മാറ്റങ്ങളോടെ ടോയ്ലറ്റ് നിലനിര്‍ത്തും. സാധാരണ റൂഫ്ടോപ്പ് എ.സി മാത്രമാകും ഉണ്ടാകുക.ബസ് നിറുത്തിയിടുമ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്പ്ലിറ്റ് എ.സി, ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ എന്നിവ ഒഴിവാക്കും. സാധനങ്ങള്‍ വയ്ക്കാന്‍ പിന്നില്‍ സീറ്റുകള്‍ പുനഃക്രമീകരിക്കും. ഇതിനെല്ലാം കാര്യമായ മുതല്‍മുടക്ക് വേണ്ടിവരും. കുടുംബാവശ്യങ്ങള്‍ക്ക് ബസ് വാടകയ്ക്ക് നല്‍കാനാണ് നീക്കം. ഇതിനായി ഫ്രിഡ്ജും, മൈക്രോവേവ് ഓവനും ഘടിപ്പിക്കും. ബസ് വാടകയ്ക്ക് ചോദിച്ച് നിരവധി അന്വേഷണങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് കിട്ടുന്നുണ്ട്. ദിവസവാടക നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്. ജനുവരി അവസാനത്തോടെ നവകേരള ബസ് സാധാരണക്കാര്‍ക്കായി തിരിച്ചെത്തും.

 

Leave a Reply

Your email address will not be published. Required fields are marked *