തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള വിമർശനങ്ങൾ ഗവർണർ വായിക്കേണ്ട നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ നീക്കമെന്ന് റിപ്പോർട്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തതിലുള്ള വിമർശനമാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്.സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് നേരത്തേ ഗവർണർ പരസ്യമായി പറഞ്ഞിരുന്നു. ഇത് ഖണ്ഡിക്കാനായി സംസ്ഥാനത്തെ ക്രമസമാധാന നില ദദ്രമെന്ന് കണക്കുകൾ നിരത്തി കാണിക്കും.
കേന്ദ്രസർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുകയാണെന്ന വിമർശനവും നയപ്രഖ്യാപനത്തിൽ ഉണ്ടായേക്കും. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും. ഈമാസം 25നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. പുതു വർഷത്തെ നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത് സർക്കാരിന്റെ നയപ്രഖ്യാപനം അവതരിപ്പിച്ചു കൊണ്ടാണ്. ഭരണഘടനാ പ്രകാരം നയപ്രഖ്യാപന പ്രസംഗം നടത്താൻ ഗവർണർക്കു ബാദ്ധ്യതയുണ്ട്.എന്നാൽ, കേന്ദ്രത്തിനും ഗവർണർക്കുമെതിരായ പരാമർശങ്ങൾ നിറഞ്ഞ നയപ്രഖ്യാപനം അദ്ദേഹം വായിക്കുമോ എന്നതിൽ സർക്കാരിന് ആശങ്കയുണ്ട്.
മന്ത്രിസഭായോഗം അംഗീകരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ ഗവർണർ തിരുത്തൽ ആവശ്യപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.നയപ്രഖ്യാപനം അംഗീകരിക്കാതിരിക്കുകയും ഒപ്പിടാൻ ഉപാധി വയ്ക്കുകയും ചെയ്ത മുൻകാല ചരിത്രം ആരിഫ് മുഹമ്മദ് ഖാനുണ്ട്. 2022ലായിരുന്നു സംഭവം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ഖജനാവിൽ നിന്ന് പെൻഷൻ നൽകുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഉപാധി. മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന ഗവർണർ, അസാധാരണമായ ഭരണഘടനാ പ്രതിസന്ധിയുണ്ടാവുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.
ഏഴര മണിക്കൂർ സർക്കാരിനെ മുൾമുനയിൽ നിറുത്തിയ ശേഷമാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. അതേസമയം, പൗരത്വഭേദഗതി നിയമത്തിനെതിരായ വികാരമുൾപ്പെടെ കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഉൾപ്പെട്ട നയപ്രഖ്യാപനപ്രസംഗം 2020ൽ അതേപടി വായിച്ച ചരിത്രവുമുണ്ട് ഗവർണർക്ക്.നയപ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ അദ്ദേഹം വായിക്കാതെ വിടാനിടയുണ്ട്. ഭേദഗതിക്ക് നിർദ്ദേശിക്കാനും കഴിയും. മുഴുവൻ വായിച്ചില്ലെങ്കിലും തുടക്കവും ഒടുക്കവും വായിച്ചാൽ നയപ്രഖ്യാപനം സഭയിൽ അവതരിപ്പിച്ചതായി കണക്കാക്കാനാവുമെന്നതിന് മുൻ കാല റൂളിംഗുകളും കീഴ്വഴക്കങ്ങളുമുണ്ട്. അച്ചടിച്ച പ്രസംഗത്തിലുള്ള കാര്യം ഗവർണർ വായിക്കാതിരുന്നാലും അതു വായിച്ചതായി നിയമസഭാ രേഖകളിൽ രേഖപ്പെടുത്തും.