തിരുവനന്തപുരം കോട്ടയം ലോക്സഭാ സീറ്റില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. ഇക്കാര്യം വളരെ ഗൗരവത്തോടെ പാര്‍ട്ടി പരിഗണിക്കുകയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ലഭിച്ച റെക്കോഡ് ഭൂരിപക്ഷവും പ്രചാരണ സമയത്ത് അച്ചു ഉമ്മനെ ഇടത് സൈബര്‍ സഖാക്കള്‍ അനാവശ്യമായി വലിച്ചിഴപ്പോള്‍ കോണ്‍ഗ്രസിനുണ്ടായ നേട്ടവുമാണ് ഇങ്ങനെയൊരു ചിന്തയിലേക്ക് നേതൃത്വത്തെ എത്തിക്കുന്നത്.
കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണ് കോട്ടയം. എന്നാല്‍ ജോസ് കെ മാണി ഇപ്പോള്‍ എല്‍ഡിഎഫിലാണ്. കോട്ടയം ലോക്സഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശമുന്നയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു ഉറപ്പും ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.പാര്‍ട്ടി നേതൃത്വത്തിനുള്ളിലും ഒപ്പം അണികള്‍ക്കിടയിലും കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുക്കണമെന്ന വികാരമാണുള്ളത്.
ജോസഫ് വിഭാഗം തര്‍ക്കവുമായി വന്നാലും അതിന് കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രാധാന്യം നല്‍കിയേക്കില്ല. മുന്നണിക്കുള്ളില്‍ ആരുമായും അനാവശ്യ വിട്ടുവീഴ്ച ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വേണ്ടെന്നാണ് തീരുമാനം.മുസ്ലീം ലീഗുമായി മാത്രമായിരിക്കും വിട്ടുവീഴ്ചയുണ്ടാകുക. മറ്റുള്ള കക്ഷികളോട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസിന് എംപിമാരുണ്ടാകേണ്ട സാഹചര്യം പറഞ്ഞ് മുന്നോട്ട് പോകാനാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, ആര്‍എസ്പി എന്നിവര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം അനൗദ്യോഗികമായി കൈക്കൊണ്ടിരിക്കുന്നത്.കോട്ടയത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഒതുക്കാമെന്ന ഫോര്‍മുലയും കോണ്‍ഗ്രസ് മുന്നോട്ടുവെച്ചേക്കും.
കോട്ടയത്തെ സിറ്റംഗ് എം.പി തോമസ് ചാഴിക്കാടനെ തന്നെ കേരള കോണ്‍ഗ്രസ് എമ്മിലൂടെ എല്‍ഡിഎഫ് രംഗത്തിറക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ചാഴിക്കാടന് വി.എന്‍ വാസവനെ പരാജയപ്പെടുത്തിയത്.പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി തുടങ്ങിയ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ വൈക്കവും ഏറ്റുമാനൂരും ഒഴികെ അഞ്ച് മണ്ഡലങ്ങളും യുഡിഎഫ് കോട്ടകളാണ്. ഇവിടെ അച്ചു ഉമ്മന്‍ മത്സരിച്ചാല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്.