ഗവർണർക്കു കേരളത്തിൽ ചെലവഴിക്കാൻ സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ന്യൂഡൽഹി : ഗവർണർക്കു കേരളത്തിൽ ചെലവഴിക്കാൻ സമയമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിനു മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ. തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അംഗീകാരത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് ഇപ്പോൾ പരാതി ഉന്നയിക്കുന്നതെന്നും ഗവർണർ പ്രതികരിച്ചു.
കേരള ഗവർണർക്ക് കേരളത്തിൽ ചെലവഴിക്കാൻ സമയമില്ലെന്നും മിക്കപ്പോഴും അദ്ദേഹം പുറത്താണെന്നുമാണു പിണറായി പറഞ്ഞത്. കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ജന്തർ മന്തറിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ കേരളത്തിൽ വന്നാലും നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം പൂർണമായി വായിക്കാൻ പോലും സമയമില്ല. ഇന്നും ഡൽഹിയിലുണ്ട് അദ്ദേഹം. ചിലർ ചോദിച്ചു നിങ്ങളുടെ സമരം കാണാൻ വന്നതാണോ അദ്ദേഹമെന്ന്. ഇനി വന്നാലും അദ്ദേഹം റോഡിൽ കസേരയിട്ട് ഇരിക്കുകയേയുള്ളൂ മുഖ്യമന്ത്രി പറഞ്ഞു.