തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ സർവകലാശാലകൾ തുടങ്ങാൻ വമ്പൻ ഇളവുകളും ആനുകൂല്യങ്ങളും നൽകുമെന്ന ബഡ‌്ജറ്റ് പ്രഖ്യാപനം വിവാദമായതോടെ പുനഃപരിശോധനയ്ക്കൊരുങ്ങി സിപിഎം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം വിഷയം വിശദമായി ചർച്ച ചെയ്യാനാണ് പോളിറ്റ് ബ്യൂറോയുടെ തീരുമാനം. ഇക്കാര്യത്തിൽ സിപിഎമ്മിൽ ധാരണയായി.
വിദേശ സർവകലാശാലകളെ കേരളത്തിൽ എത്തിക്കുന്നതിൽ സിപിഐ അതൃപ്തി അറിയിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ അറിയിക്കുകയും ചെയ്തു. വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് ഇടതുനയത്തിന് വിരുദ്ധമെന്ന നിലപാടിലാണ് സിപിഐ. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം പുനഃപരിശോധിക്കാമെന്ന ധാരണയിലേയ്ക്ക് സിപിഎം എത്തിച്ചേർന്നത്.
വിദേശ സർവകലാശാലകളെയും സ്വകാര്യ സർലകലാശാലകളെയും പ്രോത്സാഹിപ്പിക്കുമെന്നാണ് ബഡ്‌ജറ്റിലെ പ്രഖ്യാപനം. വിദേശ സർവകലാശാലകൾക്ക് സ്റ്റാമ്പ്, ട്രാൻസ്ഫർ, രജിസ്ട്രേഷൻ ഡ്യൂട്ടിയിളവും വൈദ്യുതി, വെള്ളക്കരത്തിൽ സബ്സിഡിയും നികുതിയിളവും സഹിതം ഏകജാലക ക്ലിയറൻസ് നൽകുമെന്നും ബഡ്ജറ്റിലെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വേണ്ടത്ര കൂടിയാലോചനകൾ നടന്നില്ലെന്നാണ് സിപിഐ വിമർശിക്കുന്നത്. വിദേശ സർവകലാശാലകൾക്കുള്ള യുജിസി മാർഗനിർദേശങ്ങൾ സുതാര്യമല്ലെന്നും ഗൗരവമായ ചർച്ച വേണമെന്നുമായിരുന്നു സിപിഎമ്മിന് ഇതുവരെയുണ്ടായിരുന്ന നിലപാട്. ഇതിനുപിന്നാലെയുണ്ടായ ബഡ്‌ജറ്റ് പ്രഖ്യാപനം വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു.