സംസ്ഥാനത്തെ ഡേ കെയർ സെന്‍ററുകളുടെ പ്രവർത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയർ സെന്‍ററുകളുടെ പ്രവർത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്‍ററുകൾ പ്രവർത്തിക്കുന്നത്. ഇവയിൽ പലതിനും മതിയായ യോഗ്യതയില്ലെന്നാണ് മനസിലാകുന്നതെന്ന് മന്ത്രി വിവരിച്ചു. പല ഡേ കെയർ നടത്തിപ്പുകാർക്കും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയുമാണ് ഏറെയും പ്രവർത്തിക്കുന്നത്. ഇനി ഇത്തരത്തിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം നേമത്ത് രണ്ടര വയസ്സുകാരൻ ഡേ കെയറിൽ നിന്ന് ഇറങ്ങി മണിക്കൂറുകളോളം നടന്നതുമായി ബന്ധപ്പെട്ടാണ് ഡേ കെയർ വിഷയത്തിൽ മന്ത്രി നിലപാട് കടുപ്പിച്ചത്. രണ്ടര വയസുകാരൻ സ്വമേധയാ ഇറങ്ങി രണ്ട് കിലോമീറ്ററോളം റോഡിലൂടെ നടന്ന് വീട്ടിലെത്തിയ ദൃശ്യങ്ങൾ ഞെട്ടലോടെയാണ് നാം ഏവരും കണ്ടതെന്ന് മന്ത്രി ചൂണ്ടികാട്ടി. ഒരു ഉത്തരവാദിത്വവും നിയന്ത്രണവുമില്ലാതെ കൂണുപോലെ ഡേ കെയർ സെന്ററുകൾ ആരംഭിക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ ഉത്തരവാദിത്തം കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *