മാനന്തവാടി: കുറുവാദ്വീപിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരൻ മരിച്ചു. വെള്ളച്ചാലിൽ പോൾ (50) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. പോൾ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നിൽ പെടുകയായിരുന്നു. ഭയന്നോടുന്നതിനിടെ നിലത്തുവീണ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു.
ആക്രമണത്തിൽ പോളിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവർത്തകരാണ് പോളിനെ ആശുപത്രിയിൽ എത്തിച്ചത്. അരോഗ്യനില വഷളായതിനെ തുടർന്ന് പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് റേഡിയോ കോളർ ഘടിപ്പിച്ച് കർണാടക വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയിൽ മദ്ധ്യവയസ്കനെ ചവിട്ടിക്കൊന്നിരുന്നു. കർണാടക വനം വകുപ്പ് കഴിഞ്ഞ നവംബർ മുപ്പതിന് റേഡിയോ കോളർ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂർ മഗ്ന (മോഴ) എന്ന കാട്ടാനയാണ് ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദ്വീപിന് സമീപം കർഷകനായ അജീഷിന്റെ ജീവനെടുത്തത്.പുലർച്ചെ ഒരു മണിയോടെ ആന കേരള അതിർത്തിയിൽ പ്രവേശിച്ചിരുന്നു.
മൂന്നു മണിയോടെ മാനന്തവാടി നഗരസഭാ പരിധിയിലെത്തി. രാവിലെ ഏഴു മണി കഴിഞ്ഞ് ജോലിക്കാരെ വിളിക്കാൻ റോഡിലേക്ക് ഇറങ്ങിയതായിരുന്നു അജീഷ്. ചീറിയടുത്ത ആനയെ കണ്ട് അജീഷും റോഡിലുണ്ടായിരുന്ന മറ്റുള്ളവരും ജീവനും കൊണ്ട് ഓടി. ആന പിന്തുടർതോടെ സുഹൃത്ത് കണ്ടത്തിൽ ജോമോന്റെ വീട്ടുവളപ്പിലേക്ക് അജീഷും കൂടെയുണ്ടായിരുന്ന സഞ്ജുവും ഗേറ്റ് ചാടിക്കടന്നു. ഓടാൻ ശ്രമിക്കവേ, നിലത്തുവീണ അജീഷിനെ ഗേറ്റ് തകർത്തു കയറിയ ആന എടുത്ത് എറിഞ്ഞ് ചവിട്ടി കൊല്ലുകയായിരുന്നു.