തിരുവനന്തപുരം: പോലീസ് തലപ്പത്തെ പ്രധാന മുഖങ്ങളില്‍ ഒന്നുകൂടി കേരളം വിടുന്നു. എഡിജിപി റാങ്കിലുള്ള ഗോപേഷ് അഗവര്‍വാളാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിക്ക് പോകുന്നത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ എഡിജിപി ഗോപേഷ് അഗര്‍വാളിനെ ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് (BPR&D) എന്ന വിഭാഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിക്കുന്നത്. കേരളത്തില്‍ എഡിജിപി റാങ്കിലുള്ള ഐപിഎസുകാരന് ഐജി(ലെവല്‍ 14) റാങ്കിലാണ് ഡല്‍ഹിയില്‍ നിയമനം.
കേരള കേഡറിലുള്ള അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ പലരും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഇപ്പോൾ ഇതേറ്റവും ബാധിക്കുന്നത് പോലീസ് സേനയെയാണ്. നിലവിൽ എഡിജിപി റാങ്കിലുള്ള പലരും മൂന്നോ നാലോ ചുമതലകൾ വഹിക്കുകയാണ്. ഏറ്റവും തന്ത്രപ്രധാനമായ ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ മേധാവി മനോജ് എബ്രാഹമിന് പോലീസ് ആസ്ഥാനത്തിൻ്റെ അധിക ചുമതല കൂടിയുണ്ട്. സംസ്ഥാന തലത്തിൽ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ള ക്രമസമാധാന ചുമതല വഹിക്കുന്ന എംആർ അജിത് കുമാറിന് ആണ് ബറ്റാലിയനുകളുടെയും അധിക ചുമതല. സുപ്രധാന അന്വേഷണങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കേണ്ട ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന് ക്രൈം റെക്കോർഡ്സ് ബ്യൂറോ, സൈബർ ഡിവിഷൻ തുടങ്ങി പലതിൻ്റെയും അധിക ചുമതലയുണ്ട്.
ഐജി, ഡിഐജി തലങ്ങളിലും ഇതേ ഉദ്യോഗസ്ഥക്ഷാമം ഉണ്ട്. ഡിഐജി രാഹുല്‍ ആര്.നായർ ഈയടുത്താണ് നാഷണല്‍ സെക്യൂരിറ്റ് ഗാര്ഡ്സിൽ (NSG) ഡെപ്യൂട്ടേഷൻ നേടി പോയത്. രാഹുലിനെ വിടുതല്‍ ചെയ്ത ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു ഐപിഎസുകാരനെയും ഡെപ്യൂട്ടേഷനില്‍ നിയോഗിക്കുന്ന കാര്യം കേന്ദ്രം ചീഫ് സെക്രട്ടറിയെ അറിയിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗോപേഷ് അഗര്‍വാളിന് താമസിയാതെ കേരള സര്‍ക്കാര്‍ വിടുതല്‍ നല്‍കും. ഐഐടി കാണ്‍പൂരില്‍ നിന്നും 1996ല്‍ ബിടെക് നേടിയ ശേഷമാണ് ഗോപേഷ് സിവില്‍ സര്‍വ്വീസിൽ എത്തിയത്. 1998ല്‍ ഐപിഎസ് നേടി കേരള കേഡറില്‍ എത്തിയ ഗോപേഷ് 2010ല്‍ തേസ്പൂര് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും നേടി.
മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന് പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് അന്വേഷിച്ചതും നിര്‍ണ്ണായക ട്വിസ്റ്റുകളുണ്ടാക്കിയതും ക്രൈംബ്രാഞ്ച് ഐജിയായിരിക്കെ ഗോപേഷായിരുന്നു. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി യുഡിഎഫ് എത്തിയപ്പോഴും അന്വേഷണ ചുമതല ഗോപേഷിന് നല്‍കിയാണ് വിഷയം മുഖ്യമന്ത്രി തണുപ്പിച്ചത്. 2020ല്‍ കേരളം നടുങ്ങിയ രാജമല ഉരുള്‍പൊട്ടല്‍ കാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുഖ്യമന്ത്രി നിയോഗിച്ചതും യോഗേഷിനെ. അങ്ങനെ സര്‍ക്കാരിന് ഏറെ താല്‍പ്പര്യമുണ്ടായിരുന്ന ക്ലീന്‍ ഇമേജുള്ള ഐപിഎസുകാരനായിരുന്നു ഗോപേഷ് അഗര്‍വാള്‍