ടിപി വധക്കേസ് നിര്‍ണായക വിധി ഇന്ന്

കൊച്ചി: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയുടെയും ആവശ്യത്തില്‍ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തില്‍ പ്രതികള്‍ക്ക് പറയാനുള്ളത് കേട്ട കോടതി ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനായാണ് മാറ്റിയത്. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ചാണ് വിധി പറയുക.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഒന്നുമുതല്‍ എട്ടുവരെ പ്രതികളായ എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ്, കെ.സി.രാമചന്ദ്രന്‍, 11-ാം പ്രതി ട്രൗസര്‍ മനോജ് എന്നിവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീലിലാണ് തീര്‍പ്പ് വരുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു കെ.കെ. രമ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം.

ശിക്ഷ സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ കോടതി പ്രതികളോട് ഇന്നലെ ചോദിച്ചറിഞ്ഞിരുന്നു. പ്രതികള്‍ ജയിലില്‍ചെയ്ത ജോലി, മാനസികാരോഗ്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട്, പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് എന്നിവയും കോടതി പരിശോധിച്ചിരുന്നു. ഈ മൂന്ന് റിപ്പോര്‍ട്ടുകളും പഠിക്കാനുള്ള പ്രതിഭാ?ഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശിക്ഷാവിധി മാറ്റിയത്.

വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കേസുമായി ഒരു ബന്ധവും ഇല്ലെന്നാണ് കൊടി സുനി അറിയിച്ചത്. വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിര്‍മാണി മനോജിന്റെ വാദം. അസുഖമുള്ളതിനാല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ജ്യോതിബാബുവും ആവശ്യപ്പെട്ടു. ടിപി വധക്കേസിലെ 12 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു. വെറുതേവിട്ട പത്താംപ്രതി കെ.കെ. കൃഷ്ണന്‍, ജ്യോതി ബാബു എന്നിവര്‍ ഗൂഢാലോചനാക്കേസില്‍ പ്രതികളാണെന്നും കണ്ടെത്തി.

2012 മേയ് നാലിനാണ് ആര്‍എംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് സിപിഎം അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മില്‍നിന്ന് രാജിവെച്ച് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോട് പകവീട്ടുന്നതിന് സിപിഎമ്മുകാരായ പ്രതികള്‍ കൊലപ്പെടുത്തി എന്നാണ് കേസ്

Leave a Reply

Your email address will not be published. Required fields are marked *