ബിജെപി എംഎല്‍എ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി സൂചന

ബംഗളൂരു: ബിജെപി എംഎല്‍എ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തതായി സൂചന. കര്‍ണാടക ബിജെപി എംഎല്‍എ എസ് ടി സോമശേഖര്‍ കോണ്‍ഗ്രസിന് ക്രോസ് വോട്ട് ചെയ്തെന്നാണ് സൂചനകള്‍ പുറത്ത് വരുന്നത്. 2019 വരെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു എസ് ടി സോമശേഖര്‍. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയില്‍ പോയ എംഎല്‍എയാണ് എസ് ടി സോമശേഖര്‍. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്ന സോമശേഖറിനെതിരെ ബിജെപി നടപടിക്ക് നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യെല്ലാപൂര്‍ ബിജെപി എംഎല്‍എ ശിവറാം ഹെബ്ബാര്‍ ഇതുവരെ നിയമസഭയില്‍ വോട്ട് ചെയ്യാനെത്തിയിട്ടില്ല. ഹെബ്ബാറിന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. ബിജെപി – ജെഡിഎസ് സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡിക്ക് വോട്ട് ചെയ്യാന്‍ നേരത്തേ ഹെബ്ബാര്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കര്‍ണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടിംഗ് ഉണ്ടാകാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
കോണ്‍ഗ്രസിന്റെ പോളിംഗ് ഏജന്റ് ഡി കെ ശിവകുമാര്‍ ആണ്. ക്രോസ് വോട്ടിംഗ് ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ആത്മവിശ്വാസത്തിലാണ്. ഇന്നലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തു. നാല് രാജ്യസഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. അഞ്ച് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ 45 വോട്ട് വീതം വേണം.
കോണ്‍ഗ്രസിന് അജയ് മാക്കന്, സയ്യിദ് നസീര്‍ ഹുസൈന്, ജി സി ചന്ദ്രശേഖര്‍ എന്നീ മൂന്ന് സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയിലുള്ളത്. ബിജെപിക്ക് ഒരു സീറ്റ് ഇവിടെ ഉറപ്പായി ജയിക്കാന്‍ കഴിയും. എന്നാല്‍ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. നാരായണ്‍സെ ഭണ്ഡാഗെ, കുപേന്ദ്ര റെഡ്ഡി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. നിലവില്‍ 135 സീറ്റാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിനുള്ളത്. ഒരു എംഎല്‍എ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചതോടെ എംഎല്‍എമാരുടെ എണ്ണം 134 ആയി. നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിക്കും എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.