മലയാളിയായ ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിലായതായി റിപ്പോര്‍ട്ട്. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാമിനെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പിടികൂടിയിരിക്കുന്നതെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര ഏജന്‍സികള്‍ ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇയാളുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ അഫ്ഗാന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കാണ്ഡഹാര്‍ ജയിലിലാണെന്നും താജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഭവത്തില്‍ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.
ഇയാള്‍ക്ക് അഫ്ഗാനിസ്ഥാനില്‍ എത്തിയതിന്റെ കാരണം വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ജനറല്‍ പറഞ്ഞതായി വാര്‍ത്തകളിലുണ്ട്. ഇതോടെയാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളയാളെന്ന സംശയം ബലപ്പെട്ടതെന്നും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഇന്ത്യാക്കാരായ 14 പേരെ 2014 ന് ശേഷം അറസ്റ്റ് ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്നും അഫ്ഗാനില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറയുന്നു.