പികെ ശശിയുടെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയില്‍ ഞെട്ടി സിപിഎം

പാലക്കാട്: വിഭാഗീയതയുടെ പേരില്‍ സിപിഎമ്മില്‍ നടപടി നേരിട്ട മുന്‍ എംഎല്‍എ പി.കെ ശശി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്റെ പ്രചാരണത്തില്‍ സജീവം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.കെ ശശിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിട്ടു നിന്നതോടെ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് മണ്ണാര്‍ക്കാട് സംഭവിച്ചത്. എന്നാല്‍ അതൊക്കെ മാധ്യമസൃഷ്ടിയാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പികെ ശശിയുടെ മറുപടി.

പാലക്കാട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായത് ജില്ലയിലുടനീളം ഉണ്ടായ കടുത്ത വിഭാഗീയതയാണ്. സിപിഎമ്മിലെ വിഭാഗീയത ഏറ്റവും ശക്തമായത് മണ്ണാര്‍ക്കാട് മണ്ഡലത്തിലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.കെ ശ്രീകണ്ഠന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിനേക്കാള്‍ 30,000ത്തിലധികം വോട്ട് നേടാനായി. പി.കെ ശശിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാലം വലിച്ചുവെന്നായിരുന്നു പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തല്‍.

കഴിഞ്ഞ ജില്ല സമ്മേളനത്തെ തുടര്‍ന്നുണ്ടായ വിഭാഗീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ ശശി ഇത്തവണയും മാറി നില്‍ക്കുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. പി.ബി അംഗം മത്സരിക്കുമ്പോള്‍ വോട്ട് ചോര്‍ച്ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നല്‍കിയത്. ഇത്തവണ പാര്‍ട്ടി ഒറ്റക്കെട്ടെന്ന് പ്രഖ്യാപിച്ച് മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തില്‍ പികെ ശശി സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തില്‍ സജീവമായി. ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള പാലക്കാട് ഇത്തവണ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം.

Leave a Reply

Your email address will not be published. Required fields are marked *