ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവെച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. അരുണ്‍ ഗോയലിന്‍റെ രാജിയിൽ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി ജെ പി ടിക്കറ്റിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണോ രാജിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. രാജി മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്നങ്ങളാണോയെന്നും ജയറാം രമേശ് ചോദിച്ചു. ഇനി ഇതൊന്നുമല്ലെങ്കില്‍ വ്യക്തിപരമായ കാരണമാണോയെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ജയറാം രമേശ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയിൽ കേന്ദ്ര സര്‍ക്കാരിനെ പരിസഹിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലും രംഗത്തെത്തി. അനുസരണക്കാരായ ആളുകളെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാനുള്ള വഴിയൊരുങ്ങിയെന്നായിരുന്നു കപില്‍ സിബലിന്‍റെ പരിഹാസം. രാജ്യത്തിന്‍റെ അടിത്തറയായ സ്ഥാപനങ്ങളിലെല്ലാം ഇത് തന്നെയാണ് സ്ഥിതിയെന്നും കപില്‍ സിബല്‍ ആരോപിച്ചു.എന്ത് സന്ദേശമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യം നല്‍കുന്നതെന്ന് ടിഎംസി എംപി സാഗരിക ഘോഷ് ചോദിച്ചു. ബംഗാളിലെ ജനങ്ങളുടെ വോട്ട് കവരാൻ ബിജെപിയെ അനുവദിക്കില്ലെന്നും സാഗരിക ഘോഷ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി കേന്ദ്രസർക്കാർ സമ്മർദ്ദമൂലമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ ആരോപിച്ചു.രാജിവെപ്പിച്ചത് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ സർക്കാരിന് നിയമിക്കാനാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി രാജിവെച്ചത്. 2007 വരെ കാലാവധിയുണ്ടായിരിക്കെയാണ് അരുണ്‍ ഗോയല്‍ രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് അരുണ്‍ ഗോയലിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ശേഷം ആരെയും നിയമിച്ചിരുന്നില്ല. രണ്ടംഗങ്ങള്‍ മാത്രം തുടരുമ്പാഴാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് അരുണ്‍ ഗോയലും രാജിവെക്കുന്നത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. തെരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മുകശ്മീരില്‍ സന്ദർശനം നടത്താനിരിക്കെയാണ് രാജി. അപ്രതീക്ഷിത രാജി ആശങ്കജനകമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. രാജിയുടെ കാരണം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര സര്‍ക്കരോ വ്യക്തമാക്കിയിട്ടില്ല