ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്ക് യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
മലയാളത്തിലാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘ഇവിടെ വന്നപ്പോൾ ഇളകിമറിയുന്ന അന്തരീക്ഷം കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന കാര്യം ഉറപ്പായി.കഴിഞ്ഞ തവണ കേരളത്തിലെ ജനത ബിജെപിക്ക് രണ്ടക്കത്തിലുളള വോട്ട് നൽകുകയുണ്ടായി.ഇത്തവണ കേരളം ബിജെപിയെ ജയിപ്പിക്കും. കേരളത്തിലെ ജനങ്ങൾക്ക് ഞാൻ യുവത്വത്തിന്റെ ഊർജം നൽകാൻ ആഗ്രഹിക്കുന്നു. അനിൽ ആന്റണി യുവത്വത്തിന്റെ പ്രതീകമാണ്. കേരളത്തിന്റെ നവീകരണത്തിന് ഇത് ആവശ്യമാണ്’- നരേന്ദ്രമോദി പറഞ്ഞു.ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തിയ വേദിയിൽ നരേന്ദ്രമോദിക്ക് വിവിധ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ആറൻമുള കണ്ണാടിയടക്കം നിരവധി സമ്മാനങ്ങൾ നൽകിയാണ് വരവേറ്റത്.