തന്നെ എതിർക്കാൻ അപ്പൻ പത്തനംതിട്ടയിൽ വരില്ല! ആത്മവിശ്വാസത്തിൽ അനിൽ കെ ആൻ്റണി

പത്തനംതിട്ട: പത്തനംതിട്ടയില്‍ എ.കെ. ആന്റണി തനിക്കെതിരെ പ്രചരണത്തിന് എത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് മകന്‍ അനില്‍ ആന്റണി. അപ്പന്‍ പത്തനംതിട്ടയില്‍ എത്തുമെന്ന് ആരും പറഞ്ഞ് കേട്ടില്ലെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അനില്‍ ആന്റണിയുടെ മറുപടി.

മകനെതിരെ പ്രചരണത്തിന് ഇറങ്ങാന്‍ അമ്മ എലിസബത്ത് സമ്മതിക്കില്ലെന്ന് അനിലിന് നന്നായറിയാം. ആന്റണിക്കാണെങ്കില്‍ പഴയ ആരോഗ്യവും ഇല്ല. തിരുവനന്തപുരം വിട്ട് പുറത്തോട്ട് ആന്റണി പോയിട്ട് മാസങ്ങളായി.

ഏറ്റവും ഒടുവില്‍ ആന്റണി തിരുവനന്തപുരം വിട്ടത് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം കെ.പി.സി.സി ഓഫിസില്‍ പതിവ് പോലെ ആന്റണി എത്തും. 2 മണിക്കൂറോളം ചെലവിടും.

പുതുപ്പള്ളില്‍ ചാണ്ടി ഉമ്മനു വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ആന്റണി എത്തിയിരുന്നു. പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്ക് വേണ്ടി ആന്റണി എത്തുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എത്തിയാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മകനെതിരെ പ്രസംഗിക്കേണ്ടി വരും. അതിന് എലിസബത്ത് സമ്മതിക്കുകയും ഇല്ല. ചെകുത്താനും കടലിനും ഇടയിലാണ് എ.കെ ആന്റണി യെന്ന് വ്യക്തം.

പി.സി. ജോര്‍ജോ , മകന്‍ ഷോണ്‍ ജോര്‍ജോ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച പത്തനംതിട്ടയില്‍ അപ്രതിക്ഷിതമായാണ് അനില്‍ ആന്റണിയെ ഇറക്കിയത്. പത്തനംതിട്ടയില്‍ യാതൊരു ചലനങ്ങളും ഉണ്ടാക്കാന്‍ അനിലിന് കഴിയുന്നില്ലെന്നാണ് മണ്ഡലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയുടെ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ത്ഥി എന്ന വിശേഷണമാണ് അനിലിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ ഇത്തവണ പോരാട്ടം യു.ഡി.എഫ് എല്‍.ഡി.എഫ് എന്ന നിലയിലേക്ക് മാറി.

Leave a Reply

Your email address will not be published. Required fields are marked *