തിരുവനന്തപുരം : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. അറസ്റ്റില്‍ കേരള സർക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോള്‍ കാണാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.
കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ബിജെപിയുടെ മെഗാ ഫോണായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മാറുന്നത് പരിഹാസ്യമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇപ്പോള്‍ നൈറ്റ് മാർച്ച് നടത്തുന്നവർ പാർലമെന്റില്‍ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് കുറ്റപ്പെടുത്തി.
സിഎ എ നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തമിഴ്നാട് കോണ്‍ഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു.അതേ സമയം ഡല്‍ഹി മദ്യ അഴിമതി കേസില്‍ രണ്ട് ദിവസം മുമ്പാണ് അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി വിശദമായി ചോദ്യം ചെയ്യാൻ തയ്യാറെടുപ്പുകൾ നടത്തുകയാണ്. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിലും ഇഡി അറസ്റ്റ് ഉണ്ടാകുമെന്ന അഭിപ്രായങ്ങൾ ശക്തമായിരുന്നു . അത്തരം അഭിപ്രായങ്ങൾക്ക് കൂടെയുള്ള മറുപടി കൂടെ എന്ന രീതിയിലാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം.