അരവിന്ദ് കേജ്‌രിവാളിന് ഉണ്ടായതുപോലെ പിണറായി വിജയനെതിരെയും ഉണ്ടാവാം, എല്ലാം അതിജീവിക്കുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഉണ്ടായതിന് സമാനമായി കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുനേരെയും വേട്ടയാടൽ ഉണ്ടാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ ഏത് സാഹചര്യവും വരാം. എന്തൊക്കെ കടന്നാക്രമണങ്ങൾ ഉണ്ടായാലും അവയെ എല്ലാം അതിജീവിക്കും, കേജ്‌രിവാളിന്റെ അറസ്റ്റ് ആരെയും അറസ്റ്റുചെയ്യുമെന്നുള്ള മുന്നറിയിപ്പ് നൽകാനാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായും മറ്റുമുളള പ്രവർത്തനങ്ങൾ പരിശോധിച്ചപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്നുപറഞ്ഞ എംവി ഗോവിന്ദൻ രാജ്യത്ത് സിഎഎ നടപ്പാക്കുന്നതിലൂടെ ഒരുവലിയ ജനവിഭാഗത്തെ രണ്ടാം പൗരന്മാരാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും ഇത് വളരെ ഗൗരവമുള്ള ഒരു വിഷയമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ഫാസിസ്റ്റ് രീതിയാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നതെന്നാണ് അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *