മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു സംഭവം കായംകുളത്ത്

ആലപ്പുഴ: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ കായംകുളത്ത് വച്ച് അപകടത്തിലായി. വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുൾപ്പടെ ആർക്കും പരിക്കുകളില്ല. കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എംഎസ്എം കോളേജിന് സമീപത്തുവച്ച് എതിർദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ കാർ മന്ത്രി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ പിറകിൽ വന്ന ടിപ്പർ ലോറി മന്ത്രിയുടെ കാറിൽ ഇടിച്ചു. അപകട സമയത്ത് ദേശീയപാതയിലൂടെ കടന്നുപോയ മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ സജി ചെറിയാനോട് വിവരങ്ങൾ അന്വേഷിച്ചു. അപകട വിവരമറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും ആർക്കും വലിയ പരിക്കുകൾ പറ്റിയിട്ടില്ലെന്നും സജി ചെറിയാൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *