ബിജെപി തരംഗമില്ല; ഇന്‍ഡ്യ മുന്നണി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ശേഷം ഇന്‍ഡ്യ മുന്നണി തന്നെ രാജ്യത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍. രാജ്യത്തൊരിടത്തും ബിജെപി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ല. നരേന്ദ്രമോദിക്കും ബിജെപി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തിരഞ്ഞെടുപ്പ പ്രചരണത്തിന് എത്തിയതായിരുന്നു ശിവകുമാര്‍.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്നും ശിവകുമാര്‍ ചോദിച്ചു. മന്ത്രിയെന്ന നിലയില്‍ എത്രമാത്രം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമായിരുന്നു. കേരളത്തിലെ ഐ.ടി മേഖലയില്‍ അദ്ദേഹത്തിന് എന്തൊക്കെ ചെയ്യാനാകുമായിരുന്നു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബിജെപിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എംപിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളത്തില്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബിജെപിയെ സഹായിക്കുന്നതിന് തുല്യമാണ്. അത് ജനങ്ങള്‍ക്ക് അറിയാമെന്നും ശിവകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *