ദില്ലി: കെ സുധാകരന്‍റെ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവമാണെന്നും എംഎം ഹസനെ നിയമിച്ചത് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പിനുശേഷമുള്ള വിലയിരുത്തല്‍ കൂടി നടത്താനാണ് ഹസൻ സ്ഥാനത്ത് തുടര്‍ന്നത്. ഹസന്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് സുധാകരൻ ആദ്യം പറഞ്ഞു. ഹസന്‍റെ തീരുമാനങ്ങള്‍ കൂടിയാലോചനകള്‍ ഇല്ലാതെയാണെന്ന് സുധാകരൻ പറഞ്ഞിട്ടില്ല. ഏതോ ഒരു സസ്പെന്‍ഷന്‍റെ കാര്യമാണ് പറഞ്ഞത്.
സുധാകരൻ സ്ഥാനം ഏറ്റെടുക്കുന്നത് ഒരു സാധാരണ സംഭവം മാത്രമാണ് ഇത്ര വലിയ വാര്‍ത്തയാക്കാൻ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശ യാത്രയെയും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ജനങ്ങള്‍ പ്രയാസം അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സിപിഎം പരിശോധിക്കണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിസംഗതയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണോ എന്നതില്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും.
ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് ധാര്‍മികത ഉണ്ടെങ്കില്‍ രാജിവെക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ കൂടി. വോട്ടിങ് ശതമാനം സാധാരണ 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടിങ് ദിനത്തിലെ അന്തിമ കണക്കുകളും അന്തിമ വോട്ടിങ് ശതമാനവും തമ്മിൽ 5ശതമാനം വരെ വര്‍ധനവ് ഉണ്ടാകുന്നുണ്ടെന്നും നാളെ 5 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാൻ സമയം ചോദിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.