കരമന അഖില്‍ വധക്കേസില്‍ രണ്ട് മുഖ്യപ്രതികളെക്കൂടി പിടികൂടി പൊലീസ്

തിരുവനന്തപുരം : കരമന അഖില്‍ വധക്കേസില്‍ രണ്ട് മുഖ്യപ്രതികളെക്കൂടി പിടികൂടി പൊലീസ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത് അഖില്‍ അപ്പു, വിനീത് രാജ് എന്നിവരാണ് ഇന്ന് പിടിയിലായത്. തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെ അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്.

അഖില്‍ അപ്പുവിനെയാണ് ആദ്യം പിടികൂടാന്‍ കരമന പൊലീസിന് കഴിഞ്ഞത്. പുലര്‍ച്ചെ തമിഴ്‌നാട്ടില്‍ നിന്നാണ് അഖില്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിനീത് രാജും പിടിയിലായത്. കൊല്ലപ്പെട്ട അഖിലിനെ കല്ല് കൊണ്ട് തലയ്ക്കും ശരീരത്തിലും ക്രൂരമായി മര്‍ദിച്ചത് വിനീതായിരുന്നു. നേമത്തെ ബാറില്‍ വച്ച് വിനീതും അഖിലും തമ്മില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിച്ചത്. കൊലപാതകത്തില്‍ ആറു പേരാണ് ഇതുവരെ അറസ്റ്റിലായത്. നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു കൊന്ന കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് പ്രതികള്‍ ഇത്തരമൊരു ക്രൂര കൊലപാതകം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *