സ്വന്തമായി ഒരുതുണ്ട് ഭൂമിയോ വീടോ ഇല്ല; രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ കൈവശമുളളത് വെറും 52,000രൂപ മാത്രം

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണാസിയിൽ മത്സരിക്കുന്നതിനായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നരേന്ദ്ര മോദി പത്രിക സമർപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എത്ര രൂപയുടെ ആസ്തിയുണ്ടെന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്.

നരേന്ദ്ര മോദിക്ക് 3.02 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നും എന്നാൽ സ്വന്തമായി ഭൂമിയോ വീടോ കാറോ ഇല്ലെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നു. സമ്പാദ്യത്തിൽ 2,85,60,338 കോടി രൂപ എസ്. ബി. ഐയിലെ സ്ഥിരനിക്ഷേപമാണ്. ഗാന്ധിനഗറിലും വാരാണസിയിലുമായി രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ 80,304 രൂപയുമുണ്ട്. കൈയിലുള്ള ആകെ പണം 52,920 രൂപ. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്.

കൂടാതെ 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങളും സ്വന്തമായുണ്ട്.2018-19ൽ 11.14 ലക്ഷം രൂപയായിരുന്ന മോദിയുടെ വരുമാനം 2022-23ൽ 23.56 ലക്ഷമായി ഉയർന്നു. 1978ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും 1983-ൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായി സത്യവാങ്‌മൂലത്തിൽ പറയുന്നു.

വ്യക്തിഗത വിവരങ്ങളിൽ ഭാര്യ യശോദാ ബെന്നിന്റെ പേരുണ്ടെങ്കിലും മറ്റു വിവരങ്ങൾ അറിയില്ലെന്നാണ് പറയുന്നത്. ആശ്രിതർ ആരുമില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.ജൂൺ ഒന്നിനാണ് വാരാണാസിയിൽ വോട്ടെടുപ്പ് നടക്കുന്നത്. പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി രാവിലെ ഗംഗാ തീരത്തെ ദശാശ്വമേധ ഘട്ടിലും കാലഭൈരവ ക്ഷേത്രത്തിലും മോദി പ്രാർത്ഥിച്ചു. ഗംഗാ സപ്തമി ദിനമായിരുന്നതിനാൽ നദിക്കരയിൽ ആരതിയും ഉഴി‌ഞ്ഞു.

ഭൂരിപക്ഷം കൂട്ടാൻ ബിജെപി

2014, 2019 തിരഞ്ഞെടുപ്പുകളിലേതിനെക്കാൾ വൻ ഭൂരിപക്ഷത്തിൽ ഇക്കുറി നരേന്ദ്രമോദിക്ക് ജയമൊരുക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കോൺഗ്രസിന്റെ അജയ് റായിയാണ് മുഖ്യ എതിരാളി. മൂന്നാം തവണയാണ് അജയ് റായ് വാരാണസിയിൽ നരേന്ദ്രമോദിയെ നേരിടുന്നത്. 2019ൽ 6,74,664 വോട്ടിന്റെയും 2014-ൽ മൂന്നുലക്ഷത്തിൽ പരം വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് നരേന്ദ്രമോദി ജയിച്ചത്. 2014ൽഅരവിന്ദ് കേജ്‌രിവാളായിരുന്നു പ്രധാന എതിരാളി

Leave a Reply

Your email address will not be published. Required fields are marked *