സുരേഷ് ഗോപിയുടെ ലീഡ് അറുപതിനായിരം കടന്നതോടെ തൃശൂരിൽ ആഘോഷം തുടങ്ങി

തൃശൂർ: സുരേഷ് ഗോപിയുടെ ലീഡ് അറുപതിനായിരം കടന്നതോടെ തൃശൂരിൽ ബി ജെ പി പ്രവർത്തകർ ആഘോഷം തുടങ്ങി. ഭൂരിപക്ഷം 90,000 കടക്കുമെന്നാണ് അനുയായികൾ പറയുന്നത്. 12.30 വരെയുള്ള കണക്കുകൾ പ്രകാരം 3,28,461 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനേക്കാൾ 61,534 വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്കുള്ളത്.

സുരേഷ് ഗോപി വൈകാതെ ഹെലികോപ്‌ടറിൽ തൃശൂരേക്ക് വരുമെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ‘പുലി പതുങ്ങുന്നതേ പേടിച്ചിട്ടല്ലട്ടാ, എടുത്ത് കുതിക്കാൻ വേണ്ടിയിട്ടാണ്. അതാണിപ്പോൾ നമ്മൾ കണ്ടത്. കുതിച്ചു, കുതിച്ചുയർന്നു. അത്രയേ പറയാനുള്ളൂ. ലഡ്ഡുവല്ല, ഇന്നിവിടെ ബിരിയാണിയാണ്’- എന്നാണ് ഒരു ബി ജെ പി പ്രവർത്തകൻ പറയുന്നത്. ‘കിരീടം സ്വർണം തന്നെയാണെന്ന് മനസിലായില്ലേ ഇപ്പോൾ, സ്വർണം തന്നെയാണ്.

മറ്റൊരു ബി ജെ പി പ്രവർത്തകൻ പറയുന്നു.’സുരേഷ് ഗോപിക്ക് തൃശൂർ ജനങ്ങൾ ഹൃദയം കൊണ്ട് തന്നു. എടുക്കേണ്ടി വന്നില്ല, തന്നു. മാതാവിന്റെ കിരീടം സ്വർണം തന്നെയാണെന്ന് സംശയമുണ്ടോ ഇപ്പോൾ. മാതാവ് കനിഞ്ഞ് അനുഗ്രഹിച്ചില്ലേ. ലൂർദ് പള്ളിയിലെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുകയാണ്. പോയി മാതാവിന്റെ മുഖത്തേക്ക് ഒന്ന് നോക്ക്. പള്ളിയിൽ പോയി നോക്ക്, മാതാവ് പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണക്കിരീടം തന്നെയാണെന്ന് ഇപ്പോൾ ഉറപ്പായില്ലേ. ആർക്കെങ്കിലും ഇപ്പോൾ സംശയമുണ്ടോ ഇപ്പോൾ.’- മറ്റൊരു അനുയായി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *