സതീശനോട് തോറ്റ് പിണറായി; സിപിഎമ്മിന് തുടർച്ചയായ രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയം

തിരുവനന്തപുരം: സിപിഎമ്മിന് തുടർച്ചയായ രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയം. കേരളത്തില്‍ 20 സീറ്റില്‍ ഒരിടത്തുമാത്രം ജയിക്കാനുള്ള ആർജവമേ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കും അതിനെ നയിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനും ഉള്ളൂവെന്ന് തെളിയിച്ചിരിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. പിണറായി വിജയൻ നയിച്ചതും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതും കേരളത്തില്‍ മാത്രമായിരുന്നു. ആ കേരളത്തില്‍ നേടിയത് കനത്ത തോല്‍വിയും. മറുവശത്ത് കോണ്‍ഗ്രസിനെ നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി.ഡി. സതീശൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്ന് നയിക്കാൻ തുടങ്ങിയിട്ട് ഇതുവരെയും പിണറായിക്ക് സതീശനോട് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ലോക്സഭയിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.
വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറെടുത്തതിന് ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകൾക്ക് പുറമെയാണ് ലോക്സഭയിലും യു.ഡി.എഫിന് മിന്നുന്ന ജയം നേടാനായിരിക്കുന്നത്. തുടർഭരണം കിട്ടി ചരിത്രം രചിച്ച പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ താരമായി.
ലോക് സഭ തെരഞ്ഞെടുപ്പിൻ്റെ അജണ്ട നിശ്ചയിച്ചത് സതീശൻ ആയിരുന്നു. അതിൻ്റെ പുറകെ പോകാനായിരുന്നു പിണറായിയുടെ വിധി. കൃത്യമായ ഇലക്ഷൻ മാനേജ്മെൻ്റായിരുന്നു സതീശൻ്റേത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പി ജയരാജന്റെ ബിസിനസ് ബാന്ധവം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം എല്‍.ഡി.എഫിനെ മാത്രമല്ല ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെ എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് യു.ഡി.എഫ് ക്യാമ്പില്‍ നിന്നും തൊടുത്തുവിട്ടത്.
പിണറായി വിജയന് സംഘപരിവാര്‍ അവിശുദ്ധ ബാന്ധവവും പ്രതിപക്ഷ നേതാവ് തുറന്നു കാട്ടി. കരുവന്നൂര്‍ തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് സി.പി.എം വോട്ട് മറിക്കാമെന്ന ഉറപ്പില്‍ ഒത്തുതീര്‍പ്പാക്കിയെന്നും വി.ഡി സതീശന് ആരോപിച്ചു. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ ഒക്കത്തിരുത്തിയാണ് പിണറായി വിജയന് സംഘപരിവാര്‍ വിരുദ്ധത പറയുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപവും എല്‍.ഡി.എഫിന്റെ മോദി വിരുദ്ധ പ്രചരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു.
ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം, ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ അധിക്ഷേപം ചൊരിഞ്ഞതും പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് അടിവരയിടുന്നതായി. സി.പി.എം- ബി.ജെ.പി ബന്ധം തുറന്നു കാട്ടിയതിനു പുറമെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജവും യു.ഡി.എഫ് ചര്‍ച്ചയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അഴിതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമെല്ലാം പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും തുറന്നു കാട്ടി. അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ ഇതുവരെ മറുപടി നല്‍കാനായില്ല.
കേരളത്തിലെ മുതിര്‍ന്ന നേതാക്കളേയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും ഒരുപോലെ പ്രചരണ രംഗത്ത് സജീവമാക്കിയതും യു.ഡി.എഫിന് ഗുണമായി. പ്രചരണരംഗത്ത് യു.ഡി.എഫ് ഉണ്ടാക്കിയ മേല്‍ക്കൈയാണ് വടകരയിലെ അശ്ലീല വീഡിയോ ആക്ഷേപത്തിന് പിന്നിലെ യഥാര്‍ഥ കാരണവും. അശ്ലീല വീഡിയോ എവിടെ? മോര്‍ഫ് ചെയ്ത വീഡിയോ എവിടെ എന്ന് ചോദിച്ച് തിരിച്ചടിക്ക് തുടക്കമിട്ടതും നിയമപോരാട്ടത്തിന് നിര്‍ദ്ദേശിച്ചതും പ്രതിപക്ഷ നേതാവായിരുന്നു. പ്രചരണത്തിന്റെ അവസാന ഘട്ടമായപ്പോള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ എല്ലാം ശരിയെന്ന് തെളിഞ്ഞു. വൈദേകം റിസോര്‍ട്ടിലെ ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ്, ജാവദേദ്ക്കര്‍ – ഇ.പി കുടിക്കാഴ്ച അങ്ങനെ എല്‍.ഡി.എഫിനെ ശരിക്കും കുഴപ്പത്തിലാക്കി.