വിവാദങ്ങൾക്കിടെ സ്ഥാനക്കയറ്റം; ഡിവൈഎസ്പി മധു ബാബുവിന് എസ്പിയായി പ്രൊമോഷൻ നൽകാൻ നീക്കം

വിവാദങ്ങളിൽ അകപ്പെട്ട ഡിവൈഎസ്പി മധു ബാബുവിന് എസ്പി ആയി സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ നീക്കം വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. കസ്റ്റഡി മർദനവും അധികാര ദുർവിനിയോഗവും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനെ പ്രമോഷൻ കൗൺസിൽ എസ്പി സ്ഥാനത്തേക്ക് ശുപാർശ ചെയ്തതാണ് വിവാദമായത്. സാധാരണ നിലയിൽ തിരഞ്ഞെടുപ്പിന് മുൻപാണ് ഇത്തരം യോഗങ്ങൾ ചേരാറുള്ളതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോടിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതാണ് മധു ബാബുവിനെതിരെയുള്ള പ്രധാന ആരോപണങ്ങളിലൊന്ന്. മർദനത്തിൽ തന്റെ കർണപടം തകർന്നതായും ഉദ്യോഗസ്ഥൻ പെപ്പർ സ്പ്രേ പ്രയോഗിച്ചതായും ജയകൃഷ്ണൻ പരാതിപ്പെട്ടിരുന്നു. കൂടാതെ, ഒരു ജ്വല്ലറി ഉടമയെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായും ഇദ്ദേഹത്തിനെതിരെ 22 കള്ളക്കേസുകൾ ചുമത്തിയതായും ആരോപണമുണ്ട്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ചരിത്രമുള്ള ഉദ്യോഗസ്ഥനാണ് മധു ബാബു എന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. 2006-ൽ പള്ളിപ്പുറം സ്വദേശിയെ മർദിച്ച കേസിൽ കോടതി ഇദ്ദേഹത്തിന് തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഇത്രയേറെ വിവാദ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ ഉന്നത പദവിയിലേക്ക് ഉയർത്താനുള്ള നീക്കം പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്ന വിമർശനമാണ് ഉയരുന്നത്.