സി.പി.എം അടിത്തറയിൽ വിള്ളൽ: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരേ സമയം പ്രീണിപ്പിക്കുന്ന ദ്വിമുഖ അടവുനയത്തിനുള്ള തിരിച്ചടിയായി കേരളത്തിലെ സി.പി.എം ജനകീയ അടിത്തറയിൽ വൻ വിള്ളൽ വീണിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
മലബാറിലെ പരമ്പരാഗത പാർട്ടി ഗ്രാമങ്ങൾ പോലും സി.പി.എം നെ കൈവിട്ടു.
ബി.ജെ.പി- പി.ഡി.പി എന്നീ വർഗ്ഗീയ കക്ഷികളോടുള്ള സി.പി.എം മമതാബന്ധത്തിൽ ദു:ഖിതരായ മതേതരവാദികളായ പത്തു ശതമാനത്തിലധികം സി.പി.എം അനുഭാവികളുടെ വോട്ട് കോൺഗ്രസിനും യു.ഡി.എഫിനും അനുകൂലമായി തിരിഞ്ഞു.
പൗരത്വ നിയമത്തിന്റെ പേരിൽ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സി.പി.എം തന്ത്രം പൊളിഞ്ഞ് എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.എല്ലാ ജാതി – മത വിഭാഗങ്ങൾക്കും തുല്യ നീതി എന്ന കോൺഗ്രസ് നിലപാടിനോടാണ് ഇടതുപക്ഷ ചിന്താഗതിക്കാർ ആഭിമുഖ്യം പുലർത്തിയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷിയായ സി.പി.എം. കേരളത്തിൽ കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി മുദ്രാവാക്യമാണ് മുഴക്കിയത്. സി.പി.ഐ മത്സരിച്ച തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ സി.പി.എം വോട്ടുകൾ ബി.ജെ.പിയ്ക്ക് മറിച്ചു നൽകിയതും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.