രാജ്യസഭയിലേക്ക് മത്സരമില്ല; എതിരില്ലാതെ മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടു

സംസ്ഥാനത്ത് ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് മത്സരമില്ല. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചതോടെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഐ പ്രതിനിധി പിപി സുനീര്‍, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. ഹാരിസ് ബീരാന്‍ എന്നിവരെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ കാലാവധി കഴിഞ്ഞതോടെയാണ് രാജ്യസഭയിലേക്ക് ഒഴിവ് വന്നത്. രണ്ട് സീറ്റില്‍ മാത്രമേ വിജയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ സിപിഎം സീറ്റ് ജോസ് കെ മാണിക്കായി വിട്ടുകൊടുക്കുകയായിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലാണ് സീറ്റില്‍ ധാരണയായത്. കോണ്‍ഗ്രസിന് ലഭിക്കേണ്ട സീറ്റ് ഇത്തവണ ലീഗിന് വിട്ട് നല്‍കുകയായിരുന്നു. അടുത്ത് ഒഴിവ് വരുന്ന ലീഗിന്റെ സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *