‘രാഹുലിനെ പോലെ പെരുമാറരുത്, പാ‌ർലമെന്റ് ചട്ടങ്ങൾ പാലിക്കണം’; എൻഡിഎ എംപിമാ‌ർക്ക് പുതിയ നിർദ്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ നടത്തിയ പ്രസംഗം വിവാദമായതോടെ എൻഡിഎ എംപിമാർക്ക് പുതിയ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് ചട്ടങ്ങൾ പാലിക്കണമെന്നും സഭാ വേദിയിലെ പെരുമാ​റ്റം മാതൃകാപരമായിരിക്കണമെന്നുമാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. പാ‌ർട്ടിയിലെ ഉന്നത നേതാക്കളും മന്ത്രിമാരും പങ്കെടുത്ത എൻഡിഎ പാർലമെന്ററി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടർച്ചയായി മൂന്നാം തവണ പ്രധാന മന്ത്രിയായി ചുമതലയേ​റ്റതിനുശേഷം നരേന്ദ്രമോദി ആദ്യമായാണ് എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. പ്രധാനമന്ത്രിയെ യോഗത്തിൽ വച്ച് അഭിനന്ദിക്കുകയും പിന്തുണ ഉറപ്പ് നൽകിയതായും കേന്ദ്ര മന്ത്രി കിരൺ റിജ്ജു മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘അദ്ദേഹം ഞങ്ങൾ പ്രധാനപ്പെട്ട ഒരു സന്ദേശം നൽകി. എല്ലാ എംപിമാരും രാഷ്ട്ര സേവനത്തിനാണ് പാർലമെന്റിലെത്തിയത്. അപ്പോൾ അതിനാണ് മുൻഗണന നൽകേണ്ടത്. സഭയിൽ എങ്ങനെ പെരുമാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയെ പോലെ പെരുമാറരുത്. നിയമങ്ങൾ പിന്തുടരാനും പെരുമാ​റ്റം മികച്ചതാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ എൻഡിഎ എംപിമാരും പ്രധാനമന്ത്രിയുടെ മന്ത്രം പിന്തുടരണം’- കിരൺ റിജ്ജു പ്രതികരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ രാഹുൽഗാന്ധി നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ച് രാഹുൽഗാന്ധിയും രംഗത്തെത്തിയിരുന്നു. സഭയിൽ താൻ പറഞ്ഞത് സത്യമാണെന്നും അല്ലാതെ മ​റ്റൊന്നുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നുണ പറയുകയാണെന്നും ഹിന്ദുക്കളെ അവഹേളിക്കുകയാണെന്നുമുളള കേന്ദ്രമന്ത്രിമാരുടെ ആരോപണങ്ങൾക്കെതിരെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *