കെ സുധാകരന്‍റെ വീട്ടില്‍ നിന്ന് ‘കൂടോത്രം; പരിഹാസവുമായി സിപിഎം നേതാക്കള്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍റെ വീട്ടില്‍ നിന്ന് ‘കൂടോത്രം’ കണ്ടെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കടുത്ത പരിഹാസവുമായി സിപിഎം നേതാക്കള്‍. തന്നെ ഇല്ലാതാക്കാന്‍ കൂടോത്രം ചെയ്തെന്നാണ് കോണ്‍ഗ്രസിനെ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ നയിക്കുന്ന കെ സുധാകരന്റെ നിലവിളിയെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

സുധാകരനും മിത്രങ്ങളും ചേർന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകള്‍ പുറത്തെടുക്കുകയും ചെയ്തു. ഇനി കെപിസിസി ഓഫീസില്‍ കുഴിച്ചിട്ട തകിടുകള്‍ക്കായി ഉല്‍ഖനനം വേറെയുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണിതെല്ലാം. കൂടോത്രം, ദുര്‍മന്ത്രവാദം, ദുര്‍മന്ത്രവാദികള്‍, പിന്നെ കനഗോലു എന്നിവയിലൊക്കെ വിശ്വാസമര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ നേതാക്കള്‍ കേരളത്തെയും കോണ്‍ഗ്രസിനേയും ഏത് ഇരുണ്ട കാലത്തേക്കാണ് നയിക്കുന്നതെന്നും എം ബി രാജേഷ് ചോദിച്ചു.

മിഥുനം സിനിമയിലെ നെടുമുടി വേണുവും ഇന്നസെന്‍റും ജഗതി ശ്രീകുമാറും മോഹൻലാലും ചേര്‍ന്നപ്പോള്‍ ചിരിച്ച് മറിഞ്ഞ സീനിലെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു എം എം മണി പ്രതികരിച്ചത്. അതേസമയം, സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.  കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരൻ പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *