കോഴിക്കോട്: പി.എസ്.സി അംഗത്വത്തിനായി കോഴ വാങ്ങിയ സംഭവത്തിൽ പണം തിരികെ കിട്ടിയെന്ന് പണം നൽകിയെന്നു പറയുന്ന ഡോക്ടർമാരുടെ കുടുംബം. വിവാദ വിഷയത്തിൽ അന്വേഷണത്തിനെത്തിയ സ്പെഷ്യൽ ബ്രാഞ്ച് സംഘത്തോടാണ് പണം തിരിച്ച് കിട്ടിയെന്നും പരാതിയൊന്നുമില്ലെന്നും പറഞ്ഞത്. പി.എസ്.സി അംഗത്വത്തിനല്ലെന്നും ആയുഷ് വകുപ്പിൽ സ്ഥലം മാറ്റത്തിന് വേണ്ടിയിട്ടായിരുന്നു പണം നൽകിയതെന്നും ഇവർ നൽകിയ വിശദീകരണത്തിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ഒന്നും നടന്നിട്ടില്ലെന്ന് ആവർത്തിച്ച സി.പി.എം നേതൃത്വം ശനിയാഴ്ച ജില്ലാകമ്മിറ്റി വിളിച്ചുചേർത്തതായാണ് വിവരം.
അതേസമയം . ഒരു പരാതിയും പാർട്ടിക്ക് മുന്നിലില്ലെന്നും ഇല്ലാത്ത ആരോപണത്തിന് മുകളിൽ എന്ത് നടപടിയാണെടുക്കേണ്ടതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദിച്ചത്. അതേസമയം, സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയില്ലെന്നതുകൊണ്ട് അന്വേഷണമില്ലെന്ന് അർത്ഥമാക്കേണ്ടെന്നും പരാതിയുള്ളിടത്ത് നിന്ന് അന്വേഷണം ഉണ്ടാവുമെന്നും മാവൂരിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനത്തിനെത്തിയ എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഘടകത്തിൽ ഇത്തരമൊരു പരാതിയുണ്ടെങ്കിൽ അവർ അത് അന്വേഷിക്കും. ശരിയല്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിതലത്തിൽ ഒരന്വേഷണവും നടക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി മോഹനൻ ഇതോടൊപ്പം ആവർത്തിക്കുകയും ചെയ്തു. ആരോപണത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ച മൂന്നംഗ കമ്മിഷൻ അന്വേഷണം നടത്തിവരികയാണ്. ജില്ലാ സെക്രട്ടേറിയറ്റും ഏരിയാ കമ്മിറ്റിയും പ്രമോദിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.